മംഗലാപുരം: എതിരാളികളെ വകവരുത്താന്‍ പദ്ധതി തയ്യാറാക്കുന്നതിനിടയില്‍ ഛോട്ടാ ഷക്കീല്‍ സംഘത്തിലെ 11 പേര്‍ അറസ്റ്റിലായി. എട്ടുപേരെ മംഗലാപുരത്ത് വെച്ചും 3 പേരെ ചിക്മഗലൂരില്‍ വെച്ചുമാണ് ദക്ഷിണ കന്നഡ ജില്ല കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.
ചിക്മഗലൂര്‍ കെംപനഹള്ളിയിലെ മഞ്ജുനാഥ് എന്ന മഞ്ജു (22), മംഗലാപുരം സ്വദേശികളായ അശോക് നഗറിലെ സുശീല്‍ കുമാര്‍ എന്ന മോനു (24), കുദ്രോളിയിലെ ലതീഷ് നായക് എന്ന ലസ്സെ (21), അശ്വിന്‍ അഞ്ജന്‍ (25), ബിജെ കൊട്ടാര ക്രോസിലെ സുരേഷ് ആല്‍ബന്‍ ഡിസൂസ (38), ഭവന്തി സ്ട്രീറ്റിലെ ലോഹിത് ഗട്ടി (21), ഉര്‍വ സ്റ്റോറിലെ പ്രവീണ്‍ (30), കപ്പിത്താനിയോഖിലെ സുശാന്ത് ചന്ദ്ര (22) എന്നിവരാണ് മംഗലാപുരത്ത് അറസ്റ്റിലായത്.
മുംബൈ കാര്‍ ഈസ്റ്റ് ജവഹര്‍ നഗറിലെ ഗണേഷ് ശിവരാമഷെട്ടി (35), രാകേഷ് മിശ്ര എന്ന രോഹന്‍ (28), ചിക്മഗലൂരിലുള്ള മഞ്ജു എന്ന മഞ്ജുനാഥ് (21) എന്നിവരാണ് ചിക്മഗലൂരില്‍ പിടിയിലായത്.
ബല്‍ത്തങ്ങാടി മദ്ദഡുക്കയിലെ മൂസ്സക്കുഞ്ഞിയെ ആക്രമിച്ച കേസന്വേഷണത്തിനിടയില്‍ അധോലോക സംഘം പിടിയിലായതായാണ് പോലീസ് ഭാഷ്യം. കഴിഞ്ഞ സപ്തംബറില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മഞ്ജു എന്ന മഞ്ജുനാഥ് അശോക് നഗറിലെ ദംബേലില്‍ താവളമടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് 8 പേര്‍ വലയിലായത്.
ഛോട്ടാ ഷക്കീലിന് വെല്ലുവിളി ഉയര്‍ത്തി അധോലോകത്ത് കരുത്താര്‍ജ്ജിച്ചുവരുന്ന രവി പൂജാരിയുടെ സഹായികളെ വക വരുത്താനുള്ള ദൗത്യവുമായാണ് തങ്ങള്‍ നഗരത്തില്‍ താവളമടിച്ചിട്ടുള്ളതെന്ന പ്രതികളുടെ വെളിപ്പെടുത്തലാണ് അന്വേഷണം ഊര്‍ജിതമാക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.
എതിരാളികളെ വകവരുത്താന്‍ ഛോട്ടാ ഷക്കീല്‍ ആദ്യ ഗഡുവായി 2 ലക്ഷം രൂപ കൈമാറിയതായാണ് പ്രതികളുടെ മൊഴി. സംഘത്തലവനെന്ന് പോലീസ് കരുതുന്ന ഹരീഷ് ഷെട്ടിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. 1998ല്‍ മുംബൈയില്‍ കുറുപ്പ് സഹോദരങ്ങളെ കൊലചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച കുറ്റവാളിയാണ് ഹരീഷ് ഷെട്ടി. തടവില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ കഴിയുന്ന ഹരീഷ് ഷെട്ടി നേപ്പാളിലുണ്ടെന്നുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്ന് കര്‍ണാടക പോലീസ് അതിര്‍ത്തിക്കപ്പുറത്തും അന്വേഷണം വ്യാപിപ്പിച്ചു. മൈക്കല്‍ താപ്പ, ജിതേന്ദ്ര എന്നീ രണ്ട് പേരെ കിട്ടിയെങ്കിലും ഹരീഷ് ഷെട്ടിയെ പിടികൂടാനായില്ല. മൈക്കല്‍ താപ്പെയെയും ജിതേന്ദ്രയെയും നേപ്പാളിലെ സോനാലി പോലീസ് സ്റ്റേഷനില്‍ കൈമാറിയതായി പോലീസ് മേധാവികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേസ്സിലെ മുഖ്യപ്രതിയായി പോലീസ് വിശേഷിപ്പിക്കുന്ന ഗണേഷ് ശിവരാമ ഷെട്ടിയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണ്. 1994ല്‍ മുംബൈയില്‍ മഹേന്ദ്രപ്രസാദ് സിങ്ങിനെ കൊലചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഗണേഷ് ശിവരാമ ഷെട്ടിയും ജയിലില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവിലാണ്.
എതിരാളികളെ വകവരുത്തിയശേഷം രക്ഷപ്പെടാന്‍ ചിക്മഗലൂരിലെ ചന്ദ്രക്കട്ടെയില്‍ സംഘം വാടക വീട് ഏര്‍പ്പാട് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.
പിടിയിലായവരില്‍ നിന്ന് ഒരു കൈത്തോക്കും മൂന്ന് തിരകളും 5 വടിവാളുകളും 63,000 രൂപയും വാഹനങ്ങളും പിടികൂടി.
പോലീസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പശ്ചിമമേഖലാ ഐ.ജി ഗോപാല്‍ ഹൊസൂര്‍, എസ്.പി സുബ്രഹ്മണ്യേശ്വര റാവു, എ.എസ്.പി രമേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.