ഫാക്ട് ചില്ലറവില്‌പനശാലകള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും: സിഎംഡി
Posted on: 18 Mar 2010
ഏലൂര്‍: ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്നും കരിഞ്ചന്തയില്‍ ഉല്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്ന സാഹചര്യത്തില്‍നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ ഫാക്ടിന്റെ ചില്ലറവില്‍പ്പനശാലകള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഫാക്ട് സിഎംഡി എ. അശോകന്‍ അറിയിച്ചു. ഫാക്ട് അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാക്ട് ഉദ്യോഗമണ്ഡലില്‍ പ്രവര്‍ത്തനം ആരംഭിച്ച വളം വില്പനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാക്ടിന്റെ ഉല്പന്നങ്ങള്‍ എളുപ്പം കര്‍ഷകരിലെത്തിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയും. ഇതിന്റെ അടുത്തപടിയായി വൈകാതെതന്നെ ഫാക്ട് കൊച്ചിന്‍ ഡിവിഷനിലും ചില്ലറവില്പനകേന്ദ്രം പ്രവര്‍ത്തിച്ചുടങ്ങും. സംസ്ഥാനത്തിന്റെ പുറത്തേക്കും ചില്ലറ വില്പനകേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുന്ന കാര്യം ആലോചിച്ചുവരികയാണ്. ഒരാള്‍ക്ക് പരമാവധി 500 കിലോ വളം വരെ ഈ കേന്ദ്രങ്ങള്‍വഴി വിപണനം ചെയ്യും.
നിരവധി വളം ഉല്പാദന കമ്പനികള്‍ ഈ രംഗത്തുള്ളതുകൊണ്ട് ഫാക്ട് മത്സരത്തിന്റെ പാതയിലാണ്. ഫാക്ടിന്റെ ഉല്പന്നങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കണമെങ്കില്‍ കര്‍ഷകരെ കൂടുതല്‍ ബോധവത്കരിക്കണം.
ഏലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഉഷ, ഡിജിഎം ഫിലിപ്പ് ജോസഫ്, ഫിനാന്‍സ് ഡയറക്ടര്‍ കെ. മാധവന്‍പിള്ള, ജനറല്‍ മാനേജര്‍ വി.കെ. അനില്‍, ജനറല്‍ മാനേജര്‍ സുരേഷ്ബാബു, ടെക്‌നിക്കല്‍ ഡയക്ടര്‍ വി.ജി. ശങ്കരനാരായണന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. വെങ്കിടകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.