പള്ളിയില്‍ കയറി കപ്യാരെ മര്‍ദ്ദിച്ച സി.പി.എം. പ്രവര്‍ത്തകര്‍ പിടിയില്‍
Posted on: 18 Mar 2010
അമ്പലപ്പുഴ: കരുമാടി കളത്തില്‍ പാലം സെന്റ് ജോസഫ്‌സ് പള്ളിയില്‍ കയറി കപ്യാരെ മര്‍ദ്ദിച്ച രണ്ട് സി.പി.എം. പ്രവര്‍ത്തകരെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കരുമാടി നാല്പതില്‍ ചിറ അനില്‍കുമാര്‍ (അനിയന്‍ കുഞ്ഞ്-39), കുറത്തറ വീട്ടില്‍ ഷിബു (37) എന്നിവരാണ് അറസ്റ്റിലായത്.
കരുമാടി സെന്റ് നിക്കോളാസ് പള്ളിയിലെ കപ്യാര്‍ കരുമാടി റോസ് ഭവനത്തില്‍ എന്‍.ജെ. തോമസി (55) നാണ് മര്‍ദ്ദനമേറ്റത്. സെന്റ് നിക്കോളാസ് പള്ളിയുടെ കുരിശുപള്ളിയായ സെന്റ് ജോസഫ്‌സ് പള്ളിയില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. കുര്‍ബാനയ്ക്ക് മുന്‍പ് നൊവേന നടക്കുന്ന സമയത്ത് സി.പി.എം. പ്രവര്‍ത്തകര്‍ പള്ളിയില്‍ അതിക്രമിച്ചുകയറി കപ്യാരെ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ തോമസ് അമ്പലപ്പുഴ മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് യൂണിറ്റില്‍ ചികിത്സയിലാണ്.
പള്ളിയില്‍ കയറി കപ്യാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. ബുധനാഴ്ച വൈകീട്ട് വിശ്വാസികള്‍ സെന്റ് ജോസഫ്‌സ് പള്ളി അങ്കണത്തില്‍ ഒത്തു കൂടി. പ്രതിഷേധസമ്മേളനം ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തോമസിനെ കെ.സി. വേണുഗോപാല്‍ എം.പി. സന്ദര്‍ശിച്ചു.
അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam