പുതിയ പോലീസ്ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍
Posted on: 18 Mar 2010
പ്രത്യേകദൗത്യത്തിന് പ്രത്യേക പോലീസ്
തിരുവനന്തപുരം: നിലവിലുള്ള നിയമംപരിഷ്‌കരിച്ചുകൊണ്ടുള്ള 2009ലെ പോലീസ് ബില്ലിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഈ നിയമസഭാ സമ്മേളനത്തില്‍ത്തന്നെ അവതരിപ്പിച്ച് ബില്‍ നിയമമാക്കാനാണ് തീരുമാനം. നിലവിലുള്ള നിയമങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടാണ് പുതിയ ബില്‍ തയ്യാറാക്കിയിരിക്കുന്നത്.
പ്രത്യേക ദൗത്യത്തിനും ആവശ്യത്തിനും വേണ്ടി പ്രത്യേക പോലീസ്‌സേന രൂപവത്കരിക്കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്. മനുഷ്യാവകാശ, വനിതാ കമ്മീഷനുകള്‍ക്ക് പോലീസ് സ്റ്റേഷനുകളില്‍ കയറി കേസ് ഡയറി പരിശോധിക്കാന്‍ അധികാരം നല്‍കിയിട്ടുണ്ട്.
ഗുണ്ടകളെ നേരിടുന്നതിനിടയില്‍ അപകടമോ മരണമോ സംഭവിച്ചാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കും. കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും നല്‍കാനും നിര്‍ദേശമുണ്ട്. എന്നാല്‍ പോലീസ്‌സേനയിലെ തസ്തികകള്‍ക്കും ശ്രേണിക്കും മാറ്റം വരുത്തിയിട്ടില്ല.
പോലീസ് സംരക്ഷണത്തെപ്പറ്റി വിവിധ കോടതികള്‍ പുറപ്പെടുവിച്ച വിധികളും പോലീസ് പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശകളും പരിഗണിച്ചാണ് കരട് ബില്ലിന് രൂപം നല്‍കിയത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam