ചന്ദനം സംരക്ഷിക്കാന്‍ പ്രാധികാര, പരിവഹണ മാര്‍ഗങ്ങള്‍

Posted on: 18 Mar 2010



തിരുവനന്തപുരം: ബില്‍ അവതരിപ്പിക്കുന്നതോടെ ഉടക്കുമായി എഴുന്നേല്‍ക്കുന്ന കെ.എം.മാണിക്കും ആര്യാടനും ബുധനാഴ്ചസദ്യയായിരുന്നു. രണ്ടു ബില്ലുകളാണ് ബുധനാഴ്ചഎത്തിയത്. മന്ത്രി സി.ദിവാകരന്‍ അവതരിപ്പിച്ച ക്ഷീരകര്‍ഷക ക്ഷേമനിധി (ഭേദഗതി) ബില്ലിന്റെ ആദിരൂപമായ ഓര്‍ഡിനന്‍സ് തന്നെ തികച്ചും അനാവശ്യമായിരുന്നുവെന്ന് മാണി ചൂണ്ടിക്കാട്ടി. കാരണം അതിന് നെസസ്സിറ്റി ഇല്ലായിരുന്നത്രെ! ഓര്‍ഡിനന്‍സ് ബില്ലായപ്പോഴോ? നിറയെ കോംപ്ലിക്കേഷനും. 'അട്ടര്‍ കണ്‍ഫ്യൂഷന്‍' എന്നാണ് ആര്യാടന്‍, ദിവാകരന്റെ ബില്ലിനെ വിശേഷിപ്പിച്ചത്.

ബിനോയ്‌വിശ്വത്തിന്റെ വനം (ഭേദഗതി) ബില്ല് അവതരിപ്പിക്കുന്നകാര്യം അറിയിക്കാന്‍ വൈകിയെന്നും ഇനി അതിന് വകുപ്പില്ലെന്നും മാണി വ്യക്തമാക്കി. ബില്ലിലെ രണ്ടു പ്രയോഗങ്ങളായിരുന്നു ആര്യാടനെ ചൊടിപ്പിച്ചത്. ചന്ദനം സംരക്ഷിക്കാന്‍ 'പ്രാധികാരമുള്ള' ഉദ്യോഗസ്ഥന്‍ വേണമെന്നും ചന്ദനമുട്ടികള്‍ 'പരിവഹണം' ചെയ്യുമ്പോള്‍ ചില വ്യവസ്ഥകള്‍ പാലിക്കണമെന്നും ബില്ലില്‍ പറഞ്ഞത് തനിക്ക് മനസ്സിലായില്ലെന്നും ആര്യാടന്‍ സങ്കടപ്പെട്ടു. 'നിയമത്തിന്റെ ഭാഷ സങ്കീര്‍ണമാക്കുന്നകല ശീലിച്ച' ചിലരാണ് ഇത്തരം പ്രയോഗങ്ങള്‍ക്കുപിന്നിലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി.

സംസ്ഥാനത്ത് വരുന്ന പാലിന് കൊഴുപ്പുകൂട്ടാന്‍ മണ്ണിരയെ തുണിക്കകത്ത് കെട്ടി പാലില്‍ നിക്ഷേപിക്കുമെന്ന ഭീകരസത്യം താന്‍ കണ്ടെത്തിയതായി പി.സി.ജോര്‍ജ് അറിയിച്ചു. ഇങ്ങനെ സംഭ്രമജനകമായ രീതിയില്‍ കാര്യങ്ങളെ കാണരുതെന്നും എല്ലാം ശരിയാക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ടെന്നും ദിവാകരന്‍ മറുപടി നല്‍കി. 18 വയസ്സുള്ള ക്ഷീരകര്‍ഷകന്‍ 42 വര്‍ഷം അംശദായം അടച്ചാലേ പ്രതിമാസം 300 രൂപ പെന്‍ഷന്‍ കിട്ടുകയുള്ളൂവെന്നും ഇത് ശുദ്ധ തട്ടിപ്പാണെന്നുമായിരുന്നു സി.പി.മുഹമ്മദിന്റെ അഭിപ്രായം. പാല്‍ ഉല്‍പ്പാദനം കുടില്‍ വ്യവസായമാണെന്നും പാല്‍ സമീകൃതാഹാരമാണെന്നുമുള്ള അറിവുകള്‍ പി. ജയരാജന്‍ പങ്കുവെച്ചു. ജനസാന്ദ്രത കൂടുന്നത് മില്‍മയ്ക്ക് നല്ലതാണെന്നും വിതരണച്ചെലവ് കുറയ്ക്കാന്‍ അത് സഹായിക്കുമെന്നും ധനമന്ത്രി തോമസ്‌ഐസക് സിദ്ധാന്തിച്ചുവെങ്കിലും ജനം കൂടുമ്പോള്‍ പുല്ലുവളര്‍ത്താനുള്ള സ്ഥലം കുറയുമെന്നതിനാല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ചെലവ് കൂടുമെന്ന് ആര്യാടന്‍ തിരുത്ത് രേഖപ്പെടുത്തി. പ്രതിദിനം അരലിറ്റര്‍ പാല്‍ നല്‍കുന്ന ഒരു പശുവും ലോകത്ത് ജീവിച്ചിരിപ്പില്ലെന്നും കുറഞ്ഞത് രണ്ടുലിറ്റര്‍ പാലെങ്കിലും ഒരു പശു നല്‍കുമെന്നും അതുകൊണ്ടുതന്നെ ഈ ബില്ലിന്റെ വ്യവസ്ഥയനുസരിച്ച് കര്‍ഷകന് പെന്‍ഷന്‍ കിട്ടാന്‍ യാതൊരു പ്രയാസവുമുണ്ടാകില്ലെന്നും ദിവാകരന്‍ മറുപടി പറഞ്ഞു.

രണ്ടു ബില്ലുകള്‍ക്കിടയില്‍ വന്ന ധനവിനിയോഗ ചര്‍ച്ചയില്‍ തോമസ് ഉണ്ണിയാടന്‍ തോമസ് ഐസക്കിനെ ഉപദേശിച്ചു. കേന്ദ്രത്തിനെതിരെ വികസന വിരുദ്ധ രോഗം ബാധിച്ച ഭരണപക്ഷത്തെ ചികിത്സിക്കാന്‍ ഡോ.ഐസക്കിന് കഴിഞ്ഞില്ലെങ്കില്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ശിഷ്യനാകണമെന്നായിരുന്നു ഉണ്ണിയാടന്റെ ഉപദേശം. സംസ്ഥാനമന്ത്രി കേന്ദ്രമന്ത്രിയുടെ കീഴില്‍ പഠിക്കണമെന്ന് പറയുന്നത് ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനമാണെന്ന് മന്ത്രി ജി.സുധാകരന്‍ ചൂണ്ടിക്കാട്ടി. ഐസക്കിന്റെ ഉശിരന്‍ സാമ്പത്തികശാസ്ത്രത്തിലൂടെ കേരളം വന്‍പുരോഗതി പ്രാപിക്കുകയാണെന്ന് എം.പ്രകാശന്‍ മാസ്റ്ററും വി.എന്‍.വാസവനും അറിയിച്ചു. പക്ഷേ, ആറ് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും സംസ്ഥാനത്തിന് ഒരു പ്രയോജനവുമില്ലെന്നും മാസ്റ്റര്‍ പറഞ്ഞു. വൈക്കത്തമ്പലത്തില്‍ വൈകീട്ട് വിളിച്ചുചോദിക്കുംപോലെ 'ഇവിടെയാരെങ്കിലും ഭക്ഷണം കഴിക്കാനുണ്ടോ ? ' എന്ന് ചോദിക്കുമ്പോലെ, ഇവിടെയേതെങ്കിലും ബില്ല് മാറാനുണ്ടോ ? എന്ന് ഓരോവകുപ്പും ചോദിച്ചുനടക്കുന്നുണ്ടെന്നും മന്‍മോഹന്റെ ഗുരുനാഥനാകാന്‍ തന്നെ തോമസ് ഐസക്കിന് യോഗ്യതയുണ്ടെന്നും വാസവന്‍ ഘോഷിച്ചു. എന്നാല്‍ ഇടതു പ്രത്യയശാസ്ത്രങ്ങളുടെ പ്രയോക്താക്കളായ ഡോ.കെ.എന്‍.രാജിന്റെയും അമര്‍ത്യാസെന്നിന്റെയും ശിഷ്യനായ മന്‍മോഹനുകീഴില്‍ സാമ്പത്തിക ശാസ്ത്രം പഠിക്കാന്‍ താന്‍ തയ്യാറാണെന്ന് ഐസക് വ്യക്തമാക്കി. ''മന്‍മോഹന്റെ ഉദാരവത്കരണ വിരുദ്ധ പ്രമേയങ്ങള്‍ ഞങ്ങള്‍ ഏറെ പ്രചരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം രാഷ്ട്രീയ നിലപാട് മാറ്റി. ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് വലിയ മതിപ്പില്ല. ഞങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, പ്രശ്‌നങ്ങള്‍ എന്നിവയോടും അവര്‍ക്ക് താല്‍പ്പര്യമില്ല. എന്നാല്‍ ഇനിയുള്ള ഒരുവര്‍ഷം കണ്ടോളൂ.... ഈ ബജറ്റും കേന്ദ്രവിരുദ്ധ സമരവുംകൊണ്ട് ഞങ്ങള്‍ ബഹുജന അടിത്തറയുണ്ടാക്കും''- ഐസക്ക് പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/