ചെന്നൈയില്‍ അക്രമികള്‍ മലയാളി ചായക്കടക്കാരന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു
Posted on: 18 Mar 2010
ചെന്നൈ: അജ്ഞാതസംഘത്തിന്റെ ആക്രമണത്തില്‍ മലയാളി ചായക്കടക്കാരനു കണ്ണ് നഷ്ടമായി. ചൂളൈമേട് വണ്ണിയാര്‍ സ്ട്രീറ്റില്‍ 'ശ്രീകൃഷ്ണവിലാസ് ടീ ഷോപ്പ്' നടത്തുന്ന പാലക്കാട് ചെര്‍പ്പുളശ്ശേരി മാങ്ങോട് കുറിശ്ശിത്തൊടി വീട്ടില്‍ കെ. ശിവരാമന്റെ (46) കണ്ണാണ് അക്രമികള്‍ കുത്തിപ്പൊട്ടിച്ചത്. ചൊവ്വാഴ്ച രാത്രിയാണു സംഭവം. പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശിവരാമന്റെ ഇടതുകണ്ണ് ബുധനാഴ്ച ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
ചൊവ്വാഴ്ച രാത്രി 12 മണിയോടെ കാറിലെത്തിയ സംഘത്തിലെ രണ്ടുപേര്‍ ശിവരാമന്റെ പാതി തുറന്ന ഷട്ടറിനുള്ളിലൂടെ നുഴഞ്ഞുകയറി ബിയര്‍ കുപ്പികള്‍ കൊണ്ട്, അകത്ത് കണക്ക് തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്ന ശിവരാമനെ ആക്രമിക്കുകയായിരുന്നു. പൊട്ടിക്കാത്ത ബിയര്‍ കുപ്പികള്‍ കൊണ്ടുള്ള ആക്രമണം ചെറുത്തപ്പോള്‍ ഇവര്‍ ശിവരാമന്റെ കണ്ണിലേക്ക് കുപ്പി അടിച്ചുപൊട്ടിക്കുകയായിരുന്നെന്ന് ശിവരാമന് ആസ്പത്രിയില്‍വെച്ച് പറഞ്ഞു. കടയ്ക്കു സമീപമുണ്ടായിരുന്ന പരിചയക്കാരോട് തന്നെ ആക്രമിച്ച സംഭവം മൊബൈല്‍ ഫോണില്‍ ശിവരാമന്‍ വിളിച്ചുപറയുകയും ചെയ്തു. ഇവര്‍ സ്ഥലത്തെത്തി ശിവരാമനെ സമീപത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എഗ്മൂറിലെ സര്‍ക്കാര്‍ നേത്രചികിത്സാലയത്തിലേക്കു മാറ്റുകയായിരുന്നു. ഉച്ചയോടെ ശസ്ത്രക്രിയയിലൂടെ ഇടതുകണ്ണ് നീക്കം ചെയ്തു. ആക്രമണത്തിന്റെ ആഘാതത്തില്‍ ഇടതുകണ്ണ് തകര്‍ന്നിരുന്നെന്നും ഈ കണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ വലതുകണ്ണിനെയും തലച്ചോറിനെയും അതു സാരമായി ബാധിക്കുമെന്നതിനാലാണ് കണ്ണ് നീക്കം ചെയ്തതെന്നും ആസ്പത്രിവൃത്തങ്ങള്‍ അറിയിച്ചു.
ശിവരാമന്റെ കടയ്ക്കുസമീപം കാര്‍ നിര്‍ത്തിയാണ് അക്രമിസംഘം അകത്തുകയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ചൂളൈമേട് പോലീസ് പറഞ്ഞു. ശിവരാമന്റെ കടയ്ക്കടുത്തായി കെട്ടിടനിര്‍മാതാവായ പ്രകാശ് എന്നയാള്‍ കെട്ടിടംപണി ആരംഭിച്ചിരുന്നത്രെ. എന്നാല്‍ കോര്‍പ്പറേഷനും സി.എം.ഡി.എ.യും ഇടപെട്ട് ഇതിന്റെ അനുമതി തടഞ്ഞു.ശിവരാമനാണ് തനിക്കെതിരെ പരാതി നല്കിയതെന്ന് പ്രകാശ് ചിലരോട് പറഞ്ഞിരുന്നത്രെ. ഇതുസംബന്ധിച്ചുള്ള ശത്രുതയാകാം ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നുണ്ട്. കൂടാതെ, ശിവരാമന്‍ തന്റെ കട നേരത്തെ മറ്റൊരാള്‍ക്ക് നടത്താനായി കൊടുത്തിരുന്നു. അയാള്‍ അടുത്തിടെയാണ് ഒഴിഞ്ഞത്. പണം പലിശയ്ക്കു നല്കുന്ന സോമശേഖരന്‍ എന്നയാളുമായി ശിവരാമന് ഇടപാടുണ്ടായിരുന്നു. പക്ഷേ, തുക മുഴുവനായും അടുത്തിടെ തിരികെ നല്കിയിരുന്നത്രെ. വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡി.എം.ഡി.കെ.യുടെ ചൂളൈമേട് പ്രവര്‍ത്തകനായിരുന്ന ശിവരാമന് രാഷ്ട്രീയപരമായ ശത്രുതയുള്ളതായി അറിവില്ലെന്ന് സമീപം കട നടത്തുന്ന ഷാഹുല്‍ ഹമീദ് പറഞ്ഞു.
ശിവരാമന്റെ കടയില്‍ നിന്ന് പണവും മറ്റും കൊള്ളയടിക്കപ്പെട്ടിട്ടില്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് ഇതെന്നും ചൂളൈമേട് എസ്.ഐ. ജോസഫിന്‍ ലോര്‍പ് മേരി പറഞ്ഞു. പത്മാവതിയാണ് ശിവരാമന്റെ ഭാര്യ. അജിത, കവിത. അജിത് കുമാര്‍ എന്നിവര്‍ മക്കളാണ്.
ചായക്കട ഉടമസ്ഥ സംഘം പ്രസിഡന്റ് ടി. അനന്തന്‍, വൈസ് പ്രസിഡന്റുമാരായ സി.പി. അച്യുതന്‍, ചാത്തു, ജോയന്റ് സെക്രട്ടറി ഗോപാലകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് അംഗം ശശി തുടങ്ങിയവര്‍ ചൂളൈമേട് പോലീസ് ഇന്‍സ്‌പെക്ടറെ നേരില്‍ക്കണ്ട് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു. ആസ്പത്രിയില്‍ ശിവരാമന്റെ ചികിത്സയ്ക്കാവശ്യമായ സഹായവും അവര്‍ നല്കി.