അര്‍ഷദ് വര്‍സി സംവിധായകനാകുന്നു; പ്രിയങ്ക നായിക

Posted on: 18 Mar 2010



'അക്കദ്' എന്ന സിനിമയിലൂടെ ബോളിവുഡ് നടന്‍ അര്‍ഷദ് വര്‍സി സംവിധായകനാകുന്നു. പ്രിയങ്ക ചോപ്രയെ ചിത്രത്തില്‍ നായികയായി നിശ്ചയിച്ചു. അമിതാഭ് ബച്ചന്റെ വിഖ്യാതമായ ചിത്രമായ 'സന്‍ജീറി'ല്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഈ സിനിമ ഒരുക്കുന്നത്. എന്നാല്‍ 'സന്‍ജീറി'ല്‍ നിന്ന് വ്യത്യസ്തമായി കോമഡിക്ക് സവിശേഷ പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും ഈ സിനിമ ചിത്രീകരിക്കുകയെന്ന് അര്‍ഷദ് വര്‍സി അറിയിച്ചു. 'യഥാതഥമായ ഒരു ആക്ഷന്‍ കോമഡിയാണ് ഞാന്‍ സംവിധാനം ചെയ്യുക.

ഞാന്‍ 25പേരെ അടിച്ചിടുന്ന രംഗങ്ങള്‍ ഈ സിനിമയിലുണ്ടാവില്ല' - അര്‍ഷദ് പറയുന്നു. ചിത്രത്തിലെ അഭിനയവും സംഭാഷണവുമെല്ലാം യതാര്‍ഥ ജീവിതത്തോട് അടുത്തുനില്‍ക്കും വിധം റിയലിസ്റ്റിക്കായിരിക്കുമെന്ന് അര്‍ഷദ് സൂചിപ്പിച്ചു. നായികയ്ക്ക് മുഖ്യധാരാ ഹിന്ദി സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഗൗരവമേറിയ റോളാണ് ഈ സിനിമയിലുള്ളതെന്നും പുതുമുഖ സംവിധായകന്‍ പറയുന്നു.

'ഇഷ്ഖിയ'യില്‍ തനിക്കൊപ്പം അഭിനയിച്ച വിദ്യാബാലനെ ചിത്രത്തിലെ നായികയായി അര്‍ഷദ് തിരഞ്ഞെടുക്കുമെന്ന് ബോളിവുഡിലെ അണിയറ വൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നു. ''വിദ്യ മികച്ച നടിയാണ്. എന്നാല്‍ ഈ റോള്‍ അവര്‍ക്ക് തീരെ യോജിക്കില്ല. അതിനാലാണ് പ്രിയങ്കയെ ഞാന്‍ തിരഞ്ഞെടുത്തത്'' - അര്‍ഷദ് പറയുന്നു. പ്രിയങ്കയെ നായികയാക്കുന്ന അര്‍ഷദിന്റെ ആദ്യ സംവിധാന സംരംഭം ബോളിവുഡിന്റെ സ്ഥിരം കോമഡി മാതൃകകളെ മാറ്റിയെഴുതുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/