സി.ബി.എസ്.ഇ. വിദേശത്തേക്കും

Posted on: 18 Mar 2010



ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. വിദ്യാഭ്യാസ സമ്പ്രദായം അന്താരാഷ്ട്രതലത്തിലേക്ക്. ഇന്ത്യയിലും ഗള്‍ഫ്, സിംഗപ്പൂര്‍ രാജ്യങ്ങളിലുംമാത്രം ഒതുങ്ങിയിരുന്ന പാഠ്യപദ്ധതിയില്‍ ഇനി മറ്റു വിദേശരാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും പഠിക്കാം.

വിദേശവിദ്യാര്‍ഥികള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പാഠ്യപദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സി.ബി.എസ്.ഇ. അടുത്ത അധ്യയനവര്‍ഷത്തോടെ ഇതു പ്രാവര്‍ത്തികമാകും.

ഇന്റര്‍നാഷണല്‍ ബക്കാലുറേറ്റ് പോലുള്ള അന്താരാഷ്ട്ര ബോര്‍ഡുകളെ മാതൃകയാക്കിയാണ് സി.ബി.എസ്.ഇ. പുതിയ പാഠ്യപദ്ധതി തയ്യാറാക്കുന്നതെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സി.ബി.എസ്.ഇ.യുമായി അഫിലിയേറ്റ് ചെയ്ത വിദേശ സ്‌കൂളുകളില്‍ ഒന്ന്, ഒമ്പത് ക്ലാസുകളിലാണ് പുതുക്കിയ പാഠ്യപദ്ധതി ആദ്യം നടപ്പാക്കുക. അന്താരാഷ്ട്ര വിദ്യാഭ്യാസരംഗത്ത് സക്രിയമാകുന്നതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിലെ കൂടുതല്‍ സ്‌കൂളുകള്‍ക്ക് അഫിലിയേഷന്‍ നല്കാനും ബോര്‍ഡ് തീരുമാനിച്ചതായി മാനവവിഭവശേഷി മന്ത്രാലയം വക്താവ് അറിയിച്ചു.

അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് പ്രത്യേക പാഠ്യപദ്ധതി. തദ്ദേശീയരായ വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള രീതിതന്നെ തുടരും. അടുത്ത അധ്യയനവര്‍ഷം ഒന്ന്, ഒമ്പത് ക്ലാസുകളില്‍ തുടങ്ങുന്ന പുതുക്കിയ പാഠ്യപദ്ധതി വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ക്ലാസുകളിലേക്കു വ്യാപിപ്പിക്കും. ആഗോളതലത്തിലുള്ള വിഷയങ്ങളാണ് പാഠ്യപദ്ധതിയില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. പ്രവര്‍ത്തനാധിഷ്ഠിത വിദ്യാഭ്യാസത്തിനായിരിക്കും പ്രാധാന്യം. പത്താം ക്ലാസ് പരീക്ഷ ഐച്ഛികമാക്കിയതിനുപിന്നാലെയാണ് വിദേശ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പാഠ്യപദ്ധതി നടപ്പാക്കാന്‍ സി.ബി.എസ്.ഇ. തീരുമാനിച്ചത്.

നിലവില്‍, ഗള്‍ഫ്‌രാജ്യങ്ങളിലും സിംഗപ്പൂരിലും മാത്രമാണ് സി.ബി.എസ്.ഇ.യുമായി അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളുള്ളത്. പാഠ്യപദ്ധതി ഒരു മാസത്തിനകം തയ്യാറാകുമന്നും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/