പ്രത്യേക സമിതിക്ക് അധികാരമില്ലെന്ന് തമിഴ്‌നാട്

Posted on: 18 Mar 2010



ന്യൂഡല്‍ഹി: സുപ്രീംകോടതി 2006-ല്‍ തീര്‍പ്പുകല്പിച്ച വിഷയം പരിശോധിക്കാന്‍ പുതിയ പ്രത്യേക സമിതിക്ക് അധികാരമില്ലെന്ന് തമിഴ്‌നാട് നല്കിയ ഹര്‍ജിയില്‍ പറയുന്നു.

2006-ല്‍ കേരളം പാസ്സാക്കിയ ഭേദഗതിനിയമത്തെ ചോദ്യം ചെയ്ത് തമിഴ്‌നാട് നല്കിയ ഹര്‍ജിയിലാണ് സമിതി രൂപവത്കരിച്ചത്. ഭരണഘടന വ്യാഖ്യാനിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ അടങ്ങിയ കേസാണിത്. ഭരണഘടനയുടെ 131-ാം വകുപ്പുപ്രകാരം സുപ്രീംകോടതിക്കു മാത്രമേ ഇതു പരിഗണിക്കാന്‍ അവകാശമുള്ളൂ. 2006-ലെ വിധിയിലെ കണ്ടെത്തലുകള്‍ ചോദ്യം ചെയ്യാന്‍ കേസിലെ കക്ഷികള്‍ക്ക് കോടതിയെ സമീപിക്കാന്‍ അവകാശമില്ല. പുനഃപരിശോധിക്കണമെന്ന് കോടതി തീരുമാനിച്ചാല്‍തന്നെ കക്ഷികള്‍ കോടതിയില്‍ നല്കിയ തെളിവുകളെ ആധാരമാക്കിയാവണം.

നിയമസാധുത കണ്ടെത്താന്‍ പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട് സഹായമാവില്ലെന്നും തമിഴ്‌നാട് കുറ്റപ്പെടുത്തി. നിയമം റദ്ദാക്കുകതന്നെയാണ് ആവശ്യം. കേരളം പാസ്സാക്കിയ നിയമം ഭരണഘടനാനുസൃതമാണെന്ന് കോടതി കണ്ടെത്തിയാല്‍ തന്നെ അണക്കെട്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് പറയേണ്ടത് ഡാം സേഫ്റ്റി അതോറിറ്റിയാണ്. ഏതെങ്കിലും നിയമത്തിന്റെ പിന്‍ബലത്തിലുള്ളതല്ല പ്രത്യേക സമിതിക്ക് ഇപ്പോള്‍ ലഭിച്ചിട്ടുള്ള അധികാരം. 2006-ലെ വിധിയില്‍ അണക്കെട്ട് സുരക്ഷിതമാണെന്നു വ്യക്തമാക്കിയ സാഹചര്യത്തില്‍ ആ വിഷയം പരിശോധിക്കാന്‍ പ്രത്യേക സമിതിക്കു കഴിയില്ല. അതിനുള്ള അധികാരം സമിതിക്കു നല്കിയാല്‍ ഭരണഘടന സുപ്രീംകോടതിക്ക് നല്കിയതിനെക്കാള്‍ അധികാരം സമിതിക്കു ലഭിക്കുമെന്ന ആശങ്കയുമുണ്ട്. ഭരണഘടനയുടെ 131-ാം വകുപ്പിന്റെ ലംഘനമായിരിക്കുമത്- തമിഴ്‌നാട് ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ മാസത്തെ വിധി വന്നതിന്റെ പിറ്റേന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പത്രസമ്മേളനം തങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്നും ഹര്‍ജിയിലുണ്ട്. 2006-ലെ വിധി പുനഃപരിശോധിക്കുന്നതിന് പുതിയ ഉത്തരവ് വഴിവെക്കുമെന്നും കേന്ദ്ര ജല കമ്മീഷനെ ഉള്‍പ്പെടുത്തരുതെന്ന കേരളത്തിന്റെ നിലപാട് അംഗീകരിച്ചെന്നും വി.എസ്. പറഞ്ഞിരുന്നു. അത് ഞങ്ങളെ പ്രയാസത്തിലാക്കി- ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/