മാറാട്: അബൂബക്കര്‍ വധക്കേസില്‍ 14 പേര്‍ കുറ്റക്കാര്‍-ശിക്ഷാവിധി നാളെ

Posted on: 18 Mar 2010



കോഴിക്കോട്: മാറാട് ഒന്നാം കലാപത്തില്‍ തെക്കേപ്പുറത്ത് അബൂബക്കര്‍ (45) കൊല്ലപ്പെട്ട കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേകകോടതി കണ്ടെത്തി. ഒരാളെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ മാറാട് പ്രത്യേക കോടതി ജഡ്ജി കെ.പി. പ്രസന്നകുമാരി വെള്ളിയാഴ്ച വിധിക്കും.

അബൂബക്കറിന്റെ കൊലപാതകത്തിന്റെ പ്രതികാരമാണ് 2003ലെ മാറാട് കൂട്ടക്കൊലയ്ക്ക് ഇടയാക്കിയതെന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസില്‍ മൊത്തം 15 പ്രതികളാണുണ്ടായിരുന്നത്. എട്ടാംപ്രതി കോരന്റകത്ത് സുമേഷിനെ (32) യാണ് കുറ്റവിമുക്തനാക്കിയത്. ഒന്നു മുതല്‍ ഏഴുവരെ പ്രതികളായ മാറാട് തെക്കേത്തൊടി ശ്രീധരന്‍ (54) സംഭവം നടക്കുമ്പോള്‍ അരയസമാജം സെക്രട്ടറിയായിരുന്ന സുരേഷ് എന്ന തെക്കേതൊടി സുരേശന്‍ (54), കോരന്റകത്ത് വിബീഷ് (54), തെക്കേതൊടി ഷാജി (32), ചോയിച്ചന്റകത്ത് രഞ്ജിത്ത് (34), ചോയിച്ചന്റകത്ത് കലേഷ് (29), കേലപ്പന്റകത്ത് വെങ്കിട്ടന്‍ എന്ന സജീവന്‍ (32) എന്നിവരെയും ഒമ്പതു മുതല്‍ പതിനഞ്ച് വരെ പ്രതികള്‍ തെക്കേത്തൊടി ബിജേഷ് (31), ആവത്താംപുരയില്‍ പ്രഹ്‌ളാദന്‍ (32), കേലച്ചന്റകത്ത് രാജേഷ് (35), ഈച്ചരന്റ പുരയില്‍ ശശി (42), ചെറിയപുരയില്‍ വിനോദ് (26), കേലച്ചന്റകത്ത് മണികണ്ഠന്‍ (31), തെക്കേത്തൊടി വിജിത്ത് (29) എന്നിവരുമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ ഒമ്പത് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. വിബീഷ്, ഷാജി, രഞ്ജിത്ത്, വെങ്കിട്ടന്‍, വിജേഷ്, പ്രഹ്‌ളാദന്‍, രാജേഷ്, ശശി, മണികണ്ഠന്‍ എന്നിവരാണിവര്‍. സംഘം ചേരല്‍, മതസ്​പര്‍ധ വളര്‍ത്തല്‍ എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള മറ്റു കുറ്റങ്ങള്‍.

മറ്റു പ്രതികള്‍ സംഘം ചേരല്‍ മതസ്​പര്‍ധ വളര്‍ത്തല്‍, എന്നിവയ്ക്ക് പുറമെ മാരകമായി പരിക്കേല്പിക്കല്‍ എന്ന വകുപ്പ് പ്രകാരവും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 12-ാം പ്രതി ശശിക്കെതിരെ ആയുധനിയമപ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്.

2002 ജനവരി നാലിനാണ് കേസിന്നാസ്​പദമായ സംഭവം നടന്നത്. കലാപത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിക്കോയ, യൂനസ് എന്നിവരുടെ മൃതദേഹങ്ങള്‍ കബറടക്കുന്നതിനായി പോകുന്നതിനിടെയാണ് പ്രതികള്‍ അബൂബക്കറെ കൊലപ്പെടുത്തിയത്. പോലീസുകാരുടെ മുന്നില്‍ വെച്ചാണ് കൃത്യം നടന്നത്. കൂട്ടക്കൊലക്കേസില്‍ അബൂബക്കറിന്റെ അടുത്ത ബന്ധുക്കള്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. കേസില്‍ 37 രേഖകളും 22 സാക്ഷികളും 12 തൊണ്ടികളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

മാറാട് കലാപക്കേസില്‍ വിധി പറയുന്ന രണ്ടാമത്തെ കൊലക്കേസാണിത്. നേരത്തെ തെക്കേത്തൊടി ഷിംജിത്ത് വധക്കേസില്‍ പ്രത്യേക കോടതി വിധി പറഞ്ഞിരുന്നു. യൂനസ് വധക്കേസില്‍ അന്തിമവാദം പൂര്‍ത്തിയായിട്ടുണ്ട്. അബൂബക്കര്‍ വധക്കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെ.വി. ജോസഫ് ഹാജരായി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/