യൂറിയ മറിച്ചുവില്‌പന: അന്വേഷണം സി.ബി.ഐയ്ക്ക് വിടാനും സാധ്യത

Posted on: 18 Mar 2010



തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന യൂറിയ വ്യവസായ സ്ഥാപനങ്ങള്‍ക്ക് മറിച്ചുവിറ്റ സംഭവത്തില്‍ കടുത്തനടപടിക്ക് സാധ്യത. കേസ് വിജിലന്‍സ് അന്വേഷിക്കണമെന്ന് കൃഷിവകുപ്പ് ശുപാര്‍ശചെയ്യും. എന്നാല്‍, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സി.ബി.ഐ. അന്വേഷണത്തിന് വിടണമെന്ന അഭിപ്രായവും കൃഷിവകുപ്പിന്റെ ഉന്നത കേന്ദ്രങ്ങള്‍ക്കുണ്ട്.

കൃഷിവകുപ്പുസെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അനുയോജ്യമായ എന്തുനടപടിയും സ്വീകരിക്കാന്‍ സി.പി.ഐ. നേതൃത്വം കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃഷി സെക്രട്ടറി ഡോ.ദേവേന്ദ്രകുമാര്‍ ദോഡാപത്ത് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. അന്വേഷണറിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കാനാണ് നിര്‍ദേശം. കര്‍ക്കശക്കാരനായ ഈ ഉദ്യോഗസ്ഥന്‍ അന്വേഷണച്ചുമതല ഏറ്റതോടെ ജീവനക്കാരെ ബലിയാടാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

യൂറിയ മറിച്ചുവിറ്റ സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണത്തിനു വിധേയനായ കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ചതായി അറിയുന്നു. എന്നാല്‍, സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രം അവധി അപേക്ഷ പരിഗണിച്ചാല്‍ മതിയെന്ന നിലപാടിലാണ് കൃഷിമന്ത്രി. യൂറിയ മറിച്ചുവില്‍ക്കല്‍ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി മുല്ലക്കര രത്‌നാകരനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/