അഹമ്മദിന്റെയും ദേവ്‌റയുടെയും വ്യാജ ലെറ്റര്‍പാഡുകള്‍ ഉപയോഗിച്ച് തട്ടിപ്പ്
Posted on: 18 Mar 2010
മുംബൈ: കേന്ദ്രമന്ത്രിമാരായ മുരളി ദേവ്‌റയുടെയും ഇ. അഹമ്മദിന്റെയും വ്യാജ ലെറ്റര്‍പാഡുകള്‍ ഉപയോഗിച്ച് നിയമനതട്ടിപ്പ് നടത്തിയ സംഘത്തെ താനെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തു. കൊല്‍ക്കത്ത സ്വദേശി കൗശാല്‍കുമാര്‍, മീരാറോഡില്‍നിന്നുള്ള അശുതോഷ് തിവാരി, ഗുജറാത്തുകാരനായ ജിഹാര്‍ ജാദവ്, പ്രകാശ് നട്‌വര്‍ലാല്‍ മേത്ത, റിംപാല്‍കുമാര്‍പട്ടേല്‍, ഫല്‍ഗുനി ചാറ്റര്‍ജി, കേതന്‍ചന്ദ്ര, സഞ്ജയ്ഉപാധ്യായ, സുനില്‍ശര്‍മ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 14 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. അന്തഃസംസ്ഥാനസംഘമാണിതെന്നും നാലുപേരെക്കൂടി പിടികിട്ടാനുണ്ടെന്നും പോലീസ് പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേ, ഒ.എന്‍.ജി.സി. എന്നീ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പുനടന്നത്. ഈ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നുള്ള കാര്യം ചൂണ്ടിക്കാട്ടിയുള്ള മന്ത്രിയുടെ വ്യാജ ലെറ്റര്‍പാഡുകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചില തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ക്ക് മന്ത്രിമാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇവരുടെ അവകാശവാദം. പണം നല്‍കിയിട്ടും ജോലി ലഭിക്കാതിരുന്ന ഒരാളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ജോലിക്കായി രണ്ടുലക്ഷംരൂപ വീതമാണ് ഉദ്യോഗാര്‍ഥികളില്‍നിന്ന് സംഘം ഈടാക്കിക്കൊണ്ടിരുന്നത്.
പരാതിക്കാരനെക്കൊണ്ട് സംഘത്തിലെ പ്രധാനിയായ കൗശാലിനെ താനെയിലെ ഒരു ഹോട്ടലിലേക്ക് വിളിപ്പിച്ചാണ് പോലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പിനിരയായ 11 പേര്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ മാര്‍ച്ച് 22 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.