ബി.എസ്.എന്‍.എല്ലിന്റെ 30 ശതമാനം ഓഹരി വില്‍ക്കാന്‍ അനുമതി

Posted on: 18 Mar 2010



ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ (ബിഎസ്എന്‍എല്‍) 30 ശതമാനം സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പച്ചക്കൊടി കാട്ടി. പ്രധാനമന്ത്രിയുടെ ടെലികോം അടിസ്ഥാന സൗകര്യ ഉപദേഷ്ടാവ് സാം പിത്രോദയുടെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ടിരുന്ന കമ്മിറ്റിയുടെ നിര്‍ദേശം ബിഎസ്എന്‍എല്‍ ബോര്‍ഡ് സ്വീകരിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും ഇത് നടപ്പാക്കുക.

ബിഎസ്എന്‍എല്ലിന്റെ മൂന്നുലക്ഷം ജീവനക്കാരില്‍ മൂന്നിലൊന്നിനെ ഒഴിവാക്കാനുള്ള പിത്രോദ കമ്മിറ്റിയുടെ നിര്‍ദേശവും ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. ഉന്നത തലത്തില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ മേധാവികളെ നിയമിക്കാനും ഉപദേശക സമിതി രൂപവത്കരിക്കാനും നിശ്ചയിച്ചു. മാനേജിങ് ഡയറക്ടര്‍മാരുടെയും ചീഫ് എക്‌സിക്യൂട്ടീവിന്‍േറയും പദവികള്‍ വേര്‍തിരിക്കും.

ടെലികോം സെക്രട്ടറി പി.ജെ. തോമസ്, എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ ദീപക് പരേഖ് എന്നിവരും പിത്രോദ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നു.

30 ശതമാനം ഓഹരി വില്പന രണ്ടുമൂന്ന് ഘട്ടങ്ങളിലായി നടത്താനാണ് ഉദ്ദേശിക്കുന്നത്. കമ്പനിയുടെ മൂല്യനിര്‍ണയത്തിനും മറ്റുമായി ബിഎസ്എന്‍എല്‍ താമസിയാതെ ബാങ്കുകളുമായി ചര്‍ച്ച ആരംഭിക്കും. അടുത്ത നാലഞ്ചുവര്‍ഷങ്ങളിലായി വിരമിക്കുന്ന 60,000 പേര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ശേഷിക്കുന്ന 40,000 പേരെ വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കാനാണ് പരിപാടി. വി.ആര്‍.എസ്. നടപ്പാക്കാനായി കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിന് അഭ്യര്‍ഥിക്കാന്‍ ബിഎസ്എന്‍എല്‍ തീരുമാനിച്ചിട്ടുണ്ട്.

2007ല്‍ ബിഎസ്എന്‍എല്ലിന്റെ പത്തുശതമാനം ഓഹരി വില്‍ക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നുവെങ്കിലും അത് നടപ്പാക്കാനായില്ല. എന്നാല്‍ ദിവസം ചെല്ലുന്തോറും ബിഎസ്എന്‍എല്ലിന്റെ മൂല്യം കുറഞ്ഞുവരികയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍ വിപണിയില്‍ അവരുടെ വിപണി വിഹിതം താഴോട്ടുപോകുകയാണ്. ഇപ്പോഴത് 12 ശതമാനം മാത്രമാണ്. 2007-08ല്‍ 10,000 കോടിയിലേറെ ലാഭമുണ്ടാക്കിയ ബിഎസ്എന്‍എല്‍ കഴിഞ്ഞവര്‍ഷം നേടിയത് 500 കോടി രൂപ മാത്രമാണെന്നത് ഗൗരവമായ കാര്യമാണ്.

അതിനിടെ പിത്രോദ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ മാര്‍ച്ച് 15 മുതല്‍ പ്രക്ഷോഭം ആരംഭിക്കാനാണ് യൂണിയനുകളുടെ തീരുമാനം. ഓഹരി വില്പനയും ജീവനക്കാരെ കുറയ്ക്കലും അവര്‍ ശക്തിയുക്തം എതിര്‍ക്കുകയാണ്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/