ഉപഭോക്തൃ സംരക്ഷണ നിയമം പരിഷ്‌കരിക്കും -കെ.വി തോമസ്

Posted on: 15 Mar 2010



ന്യൂഡല്‍ഹി: ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിലെ അംഗങ്ങളുടെ യോഗ്യത ഏകീകരിക്കാനും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമം പരിഷ്‌കരിക്കുമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കെ.വി തോമസ് അറിയിച്ചു. ലോക ഉപഭോക്തൃ സംരക്ഷണ ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിയമഭേദഗതി വരുന്നതോടെ ഫോറങ്ങളിലെ അംഗങ്ങളുടെ എണ്ണം വര്‍ധിക്കും. 1986ല്‍ നിലവില്‍വന്ന ഉപഭോക്തൃ നിയമം, 1991ലും 1993ലും 2002ലും ഭേദഗതി ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഉപഭോക്തൃ നിയമം മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയായിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.

33 ലക്ഷം കേസുകളാണ് ഉപഭോക്തൃ ഫോറത്തില്‍ വന്നിട്ടുളളത്. ഇതില്‍ 89 ശതമാനവും തീര്‍പ്പാക്കിയിട്ടുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമം വന്നശേഷം ഉത്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ ശ്രദ്ധേയമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഉപഭോക്തൃ സംരക്ഷണ സമിതികള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികള്‍ക്ക് രൂപംനല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഫോറങ്ങളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനായി 161.50 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിച്ചു. എളുപ്പത്തിലും കുറഞ്ഞ ചെലവിലും ഉപഭോക്താക്കള്‍ക്ക് നീതി ലഭ്യമാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഉപഭോക്തൃ ബോധവത്ക്കരണത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നുണ്ടെന്ന് കെ.വി തോമസ് പറഞ്ഞു. ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അശോക് ബാന്‍, ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍, ജസ്റ്റിസ് ആര്‍.സി ജെയിന്‍, കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി രാജീവ് അഗര്‍വാള്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/