ചൂടിന് തെല്ല് ശമനം; 16 പേര്‍ക്കുകൂടി പൊള്ളലേറ്റു

Posted on: 15 Mar 2010



പാലക്കാട്: സംസ്ഥാനത്ത് ചൂടിന് നേരിയ ശമനം. മിക്ക ജില്ലയിലും കഴിഞ്ഞ ദിവസത്തെക്കാള്‍ കുറഞ്ഞ താപനിലയാണ് മാപിനികളില്‍ രേഖപ്പെടുത്തിയതെങ്കിലും ഞായറാഴ്ചയും സൂര്യതാപംമൂലം 16 പേര്‍ക്ക് പൊള്ളലേറ്റു.

കേരളത്തില്‍ ഞായറാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട് പാലക്കാട്ട് മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യില്‍ 41 ഡിഗ്രി സെല്‍ഷ്യസ് ആണ്. ശനിയാഴ്ച ഇത് 42.5 ആയിരുന്നു. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിലെ കണക്കുകള്‍ പ്രകാരം ചൂട് കുറയുന്നുണ്ടെങ്കിലും ഞായറാഴ്ച ഉച്ചയ്ക്കുശേഷം മുന്‍ദിവസങ്ങളെ വെല്ലുന്ന ചൂടും ഉഷ്ണവുമാണ് മിക്കയിടങ്ങളിലും അനുഭവപ്പെട്ടതെന്ന് ജനങ്ങള്‍ പറയുന്നു.തിരുവനന്തപുരം കല്ലമ്പലത്ത് സൂര്യാഘാതമേറ്റെന്ന് സംശയിച്ച് മൂന്നുപേരെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റൂര്‍ സ്വദേശികളായ ഡിങ്കു, രതീഷ്, പ്രവീണ്‍ എന്നിവരെയാണ് ഞായറാഴ്ച ഉച്ചയോടെ ചിറയിന്‍കീഴ് താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. മണമ്പൂരിന് സമീപം ക്ഷേത്രത്തില്‍ പെയിന്റ് ചെയ്യുന്നതിനിടെ ഇവര്‍ വെയിലേറ്റ് തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ മൂന്നുപേരെയും നാട്ടുകാര്‍ ആസ്​പത്രിയിലെത്തിച്ചു. പാലക്കാട് അട്ടപ്പാടി ചിറ്റൂരില്‍ കട്ടേക്കാട് പരിപ്പുമണ്ണേല്‍ ബാലചന്ദ്രന്‍ (35), വെങ്കക്കടവ് ചിറയില്‍ അപ്പച്ചന്‍ (65) എന്നിവര്‍ക്കും സൂര്യതാപംമൂലം പൊള്ളലേറ്റു.

കട്ടേക്കാടുനിന്ന് തടിലോഡ് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ബാലചന്ദ്രന്റെ പുറത്ത് പൊള്ളലേല്‍ക്കുകയായിരുന്നു. കൃഷിസ്ഥലത്തുനിന്ന് കുരുമുളക് പറിക്കുന്നതിനിടെയാണ് അപ്പച്ചന് പൊള്ളലേറ്റത്. ഇവരുടെ ശരീരത്തിന്റെ പുറത്ത് കുമിള രൂപപ്പെട്ടിട്ടുണ്ട്.തൃശ്ശൂരില്‍ അഴീക്കോട് സ്വദേശികളായ നാലുപേര്‍ക്ക് പൊള്ളലേറ്റു. അഴീക്കോട് പുത്തന്‍പള്ളി കാപ്പിരിയന്‍ പറമ്പില്‍ സബീര്‍(20), മേനോന്‍ബസാര്‍ പണിക്കവീട്ടില്‍ അന്‍വര്‍(19), കൊട്ടിക്കല്‍ നമ്പൂരിമഠത്തില്‍ മുഹമ്മദ്(33) എന്നീ മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍മ്മാണതൊഴിലാളിയായ അഴീക്കോട് മേനോന്‍ബസാര്‍ സിറാജി(35)നുമാണ് പൊള്ളലേറ്റത്.

മത്സ്യബന്ധനത്തിനായി 18 കിലോമീറ്ററോളം ഉള്‍ക്കടലില്‍ പോയ മത്സ്യത്തൊഴിലാളികളാണ് പൊള്ളലേറ്റവര്‍. നിര്‍മ്മാണജോലിക്കിടെ രാവിലെ 11നും 12നുമിടയ്ക്കാണ് സിറാജിന് പൊള്ളലേറ്റത്. സൂര്യതാപമേറ്റ് കഴുത്തിലും കൈകളിലുമാണ് പൊള്ളല്‍. പുല്ലൂറ്റ് സ്വദേശി ഓട്ടോ ഡ്രൈവര്‍ തങ്കപ്പ (45) നും പൊള്ളലേറ്റു.മലപ്പുറം മേലാറ്റൂരിനടുത്ത് ഓട്ടോഡ്രൈവര്‍ക്കും സൂര്യതാപമേറ്റു. കൊപ്പന്‍ഹംസ(59) ആണ് കൈകള്‍ക്ക് പൊള്ളലേറ്റ് ചികിത്സതേടിയത്.ചങ്ങനാശ്ശേരി പെരുന്നയില്‍ നാലുകോടി മുലയ്ക്കല്‍ രാജേന്ദ്രക്കുറുപ്പിന്റെ മകന്‍ സച്ചിത്തിന്(14) ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടതുകൈയ്ക്ക് പൊള്ളലേറ്റു.

ആലപ്പുഴയില്‍ കരുവാറ്റ വടക്കുകാവിന്റെ വടക്കതില്‍ കര്‍ഷകത്തൊഴിലാളിയായ മണിയപ്പന്‍(45), പുന്നപ്ര വടക്ക് 13-ാം വാര്‍ഡില്‍ പുന്നയ്ക്കല്‍ മത്സ്യത്തൊഴിലാളിയായ സാജന്‍ സെബാസ്റ്റ്യന്‍(23) എന്നിവര്‍ക്ക് ജോലിക്കിടെ സൂര്യതാപംമൂലം പൊള്ളലേറ്റു. കുമാരപുരം പൊത്തപ്പള്ളി തെക്ക് കടൂര്‍സ്വദേശി ബിനു(20)വിന് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഇരുകൈക്കും പൊള്ളലേറ്റു. മൂവരും ചികിത്സതേടി.

പത്തനംതിട്ട വള്ളിക്കോട് വാലുപറമ്പില്‍ വളയുങ്ങത്ത് സുനിലിന് (39) പാടത്ത് പണിയെടുക്കുമ്പോള്‍ പുറത്ത് പൊള്ളലേറ്റു. ഇതിനിടെ തെക്കന്‍ജില്ലകളില്‍ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന അറിയിപ്പ് തെല്ല് ആശ്വാസമായി. തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രം അധികൃതരാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചത്.

ബസ്‌സര്‍വീസുകളും മുടങ്ങുന്നു

പാലക്കാട്: ചൂട് അസഹനീയമാകുന്നതിനാല്‍ ബസ്സുകള്‍ ഉച്ചസര്‍വീസുകള്‍ ഒഴിവാക്കുന്നു. സ്വകാര്യബസ്സുകളാണ് പകല്‍ 12 മുതല്‍ വൈകീട്ട് നാലുവരെയുള്ള സര്‍വീസുകള്‍ ഒഴിവാക്കുന്നത്. പാലക്കാട്ടുനിന്നുള്ള രണ്ട് ഡസനോളം സര്‍വീസ് ദിവസവും മുടങ്ങുന്നുണ്ടെന്ന് ബസ് ഓണേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു. കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളും മുടങ്ങുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ജീവനക്കാര്‍ ക്ഷീണിതരാകുന്നതാണ് ബസ്‌സര്‍വീസുകള്‍ മുടങ്ങാന്‍ കാരണം. ഉച്ചസമയത്ത് യാത്രക്കാരുടെ എണ്ണവും കുറവാണ്. പാലക്കാട്-തൃശ്ശൂര്‍, പാലക്കാട്-കോഴിക്കോട് റൂട്ടിലൊക്കെ ഉച്ചനേരത്ത് ബസ്സുകള്‍ ഓട്ടം മുടക്കിത്തുടങ്ങിയിട്ടുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/