ജമ്മുകശ്മീരില്‍ സംഘര്‍ഷം; മൂന്നു ജവാന്മാരടക്കം ആറുപേര്‍ക്കു പരിക്ക്‌

Posted on: 15 Mar 2010



ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വ്യത്യസ്തമായ രണ്ടു ഏറ്റുമുട്ടലുകളില്‍ മൂന്നു ജവാന്മാരുള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു. ശെഹര്‍-ഇ-ഖാസില്‍ റോഡരികിലുള്ള ബങ്കറിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് മൂന്നു സി.ആര്‍.പി.എഫ്. ജവാന്മാര്‍ക്കു പരിക്കേറ്റത്. രണ്ടു വാഹനങ്ങള്‍ക്ക് കേടുപറ്റി.

ഉത്തരകശ്മീരിലെ സോപോറില്‍ ജെ.കെ.എല്‍.എഫ്. ചെയര്‍മാന്‍ മുഹമ്മദ് യാസിന്‍ മാലിക്കിന്റെ സംഘത്തിനുനേരെ സയ്യിദ് അലി ഷാ ഗീലാനിയുടെ നേതൃത്വത്തിലുള്ള ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ തീവ്രവിഭാഗം നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തിനു മുമ്പുതന്നെ മാലിക് തന്റെ ആസ്ഥാനത്തേക്ക് തിരിച്ചിരുന്നതിനാല്‍ അദ്ദേഹം സുരക്ഷിതനാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ രണ്ടു വാഹനങ്ങള്‍ തകര്‍ന്നു.

അതിനിടെ, ജമ്മുകശ്മീരിലെ ഷോപിയാനില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലോഫറിന്റെ ഭര്‍ത്താവ് ഷക്കീല്‍ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്ത് മര്‍ദിച്ചെന്നാരോപിച്ച് മജ്‌ലിസ് ഇ-മുശാവറത് ഷോപിയാനില്‍ ഹര്‍ത്താല്‍ നടത്തി. ഷക്കീല്‍ അഹമ്മദിന്റെ സഹോദരിയും നിലോഫറിനൊപ്പം ബലാത്സംഗത്തിനിരയായി വധിക്കപ്പെട്ടിരുന്നു.

ഒരുവര്‍ഷം മുമ്പാണ് നിലോഫറും നാത്തൂന്‍ അസിയയും കൊല്ലപ്പെട്ടത്.

ഷക്കീല്‍ അഹമ്മദിനെ സ്വന്തം കടയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയെ്തന്നാണ് ആരോപണം. പോലീസ് വിട്ടയച്ച ഇയാള്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്.

നിലോഫറിന്റെയും അസിയയുടെയും കൊലപാതകത്തിന്റെ ഉത്തരവാദികളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഇവരുടെ കുടുംബാംഗങ്ങളെ ദ്രോഹിക്കുകയാണെന്ന് മജ്‌ലിസ്-ഇ-മുശാവറത് പ്രസിഡന്റ് അബ്ദുള്‍ റഷീദ് ആരോപിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/