റോഡപകടത്തില്‍ പരിക്കേറ്റ സി.ഐ. സദാനന്ദന് ഇന്ന് ശസ്ത്രക്രിയ

മംഗലാപുരം: ഞായറാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ പൊടിക്കുണ്ടിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കണ്ണൂര്‍ സി.ഐ. സദാനന്ദനെ തിങ്കളാഴ്ച മംഗലാപുരം സ്വകാര്യ ആസ്പത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കും.
ഇടതുകൈയുടെ തോളിനും മുട്ടിനും ഇടയിലാണ് പരിക്ക്. കണ്ണൂര്‍ എ.കെ.ജി.ആസ്പത്രിയില്‍നിന്ന് പ്രഥമ ശുശ്രൂഷ നല്കിയശേഷമാണ് തിങ്കളാഴ്ച രാവിലെ പി.പി.സദാനന്ദനെ മംഗലാപുരത്ത് എത്തിച്ചത്. പരിക്ക് ഗുരതരമല്ല. പോലീസ് കസ്റ്റഡിയിലുള്ള ലഷ്‌കറെ തോയിബ നേതാവ് തടിയന്റവിട നസീറിനെ ചോദ്യംചെയ്യുന്ന കണ്ണൂര്‍ എ.ആര്‍.ക്യാമ്പില്‍നിന്ന് കണ്ണൂരിലെ സ്വന്തം ക്വാര്‍ട്ടേഴ്‌സിലേക്ക് വരുംവഴി ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. രണ്ടുദിവസമായി തടിയന്റവിട നസീറിനെ സദാനന്ദന്‍ ഉള്‍പ്പടെയുള്ള പോലീസ് സംഘം ചോദ്യംചെയ്തുവരികയായാണ്.
കണ്ണൂര്‍ ഭാഗത്തുനിന്ന് വന്ന, മത്സ്യം കയറ്റിയ കെ.എല്‍. 25 എ. 824 പിക്കപ്പ് വാന്‍ ബൈക്ക്‌യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കവെ സി.ഐ.യുടെ ജീപ്പില്‍ ഇടിക്കുകയാണുണ്ടായത്. ഇടിയുടെ ശക്തിയില്‍ ഇടതുവശത്തെ സീറ്റിലേക്ക് തെറിച്ചുവീണ സി.ഐ.ക്ക് ഗിയര്‍ ബോക്‌സിലിടിച്ചാണ് പരിക്കേറ്റത്. സദാനന്ദന്‍തന്നെയാണ് വാഹനം ഓടിച്ചത്. ഉടനെ വയര്‍ലസ്സില്‍ അദ്ദേഹംതന്നെ അപകട വിവരം കണ്ണൂരില്‍ അറിയിച്ചു. ഓടിയെത്തിയ റിക്ഷാ ഡ്രൈവര്‍മാരുടെ സഹായത്തോടെയാണ് എ.കെ.ജി.ആസ്പത്രിയില്‍ ചികിത്സ തേടിയത്.
കണ്ണൂര്‍ ചെങ്ങളായി പെരിങ്കോന്നില്‍ തറവാട്ടിലെ തെയ്യം ഉത്സവവുമായി ബന്ധപ്പെട്ട് സാംസ്‌കരിക സമ്മേളനത്തില്‍ പങ്കെടുത്തശേഷമാണ് സി.ഐ.സദാനന്ദന്‍ എ.ആര്‍. ക്യാമ്പിലെത്തിയത്. പിക്കപ്പ് വാന്‍ ഓടിച്ച കൊല്ലം സ്വദേശി കെ.എസ്.നിസാറുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാനും ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തടിയന്റവിട നസീറിനെ ചോദ്യംചെയ്യുന്ന സി.ഐ. സദാനന്ദന്‍ സഞ്ചരിച്ച വാഹനത്തിനുണ്ടായ അപകടത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു.