ടെബിലിസി (ജോര്‍ജിയ): റഷ്യന്‍ സൈനിക ടാങ്കുകള്‍ തലസ്ഥാനത്ത് ആക്രമണം തുടങ്ങിയെന്നും പ്രസിഡന്റ് കൊല്ലപ്പെട്ടുവെന്നുമുള്ള ടെലിവിഷന്‍ ചാനല്‍ വാര്‍ത്ത ജോര്‍ജിയയെ നടുക്കി. ഇമേദി നെറ്റ്‌വര്‍ക്ക് എന്ന ചാനലാണ് സ്‌തോഭജനകമായ വാര്‍ത്ത സംപ്രേഷണം ചെയ്തത്.
2008-ലേതിനു സമാനമായി റഷ്യ-ജോര്‍ജിയ യുദ്ധം തുടങ്ങിയെന്ന ആശങ്കയാണ് ഇത് രാജ്യത്ത് വിതച്ചത്. ടി.വി. റിപ്പോര്‍ട്ട് 20 മിനിറ്റ് നീണ്ടു. പരിഭ്രാന്തരായ ജനങ്ങള്‍ തെരുവിലിറങ്ങി ഓടി. ഫോണ്‍വിളികളുടെ പ്രവാഹം മൂലം ടെലിഫോണ്‍ ശൃംഖലകള്‍ തകരാറിലായി.
വാര്‍ത്ത വ്യാജമാണെന്ന് ചാനല്‍ പിന്നീട് സ്ഥിരീകരിച്ചു. പ്രസിഡന്റ് കൊല്ലപ്പെട്ടാല്‍ അനന്തര സംഭവവികാസങ്ങള്‍ എന്തൊക്കെയാവാമെന്ന് കാണിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. ചാനല്‍ മേധാവി ജോര്‍ജ് അവലാദസ് മാപ്പു പറയുകയും ചെയ്തു.
എന്നാലിത് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ നാടകമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചാനലിനെതിരെ വ്യാപകമായ ജനരോഷവും ഉയര്‍ന്നിട്ടുണ്ട്.