കപ്പല്‍ ജീവനക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി വെബ്‌സൈറ്റ്

Posted on: 15 Mar 2010



ചെന്നൈ: കപ്പല്‍ ജീവനക്കാര്‍ക്ക് നിയമവശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി വെബ്‌സൈറ്റ് നിലവില്‍ വന്നു. കപ്പല്‍ ജീവനക്കാര്‍ക്കൊപ്പം നിയമവഴികളില്‍ പോരാട്ടം നടത്തിയ സെയിലേഴ്‌സ് ഹെല്‍പ്‌ലൈനിന്‍േറതാണ് ഈ ഉദ്യമം. www.sailorshelpline.org എന്നാണ് വിലാസം.

കപ്പല്‍ മേഖലയില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ജോലിചെയ്യുന്നുണ്ട്. കപ്പലുകള്‍ അപകടത്തില്‍പെട്ടാലോ, ജീവനക്കാര്‍ക്ക് പരിക്കേറ്റാലോ പലപ്പോഴും കപ്പല്‍ ഉടമകള്‍ നഷ്ടപരിഹാരം നല്‍കാറില്ല. നല്‍കിയാല്‍ത്തന്നെ അത് നിയമപരവുമായിരിക്കില്ല. കപ്പല്‍ ജീവനക്കാര്‍ നിയമവശങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ലാത്തതുമൂലം പലപ്പോഴും ഇവര്‍ കപ്പല്‍ മുതലാളിമാരുടെ കബളിപ്പിക്കലിനിരയാകാറുണ്ട്. ഇത് ചെറുക്കുകയാണ് വെബ്‌സൈറ്റിന്റെ പ്രധാന ലക്ഷ്യമെന്ന് സെയിലേഴ്‌സ് ഹെല്‍പ്‌ലൈന്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്ററും മലയാളിയുമായ മനോജ് ജോയ് പറഞ്ഞു. ഈ സംരംഭത്തിന് ഇന്ത്യയിലെയും വിദേശങ്ങളിലെയും കപ്പല്‍മേഖലാ ഏജന്‍സികളുടെ സഹകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സെയിലേഴ്‌സ് ഹെല്‍പ്‌ലൈന്‍ ടീമില്‍ കപ്പല്‍ മേഖലയെക്കുറിച്ച് അറിയുന്ന അഭിഭാഷകര്‍, ക്ഷേമ പ്രവര്‍ത്തകര്‍, തുറമുഖങ്ങളിലെ ഉന്നതാധികാരികള്‍, ഫിഷറീസ് മേഖലയിലുള്ളവര്‍ തുടങ്ങിയവരുണ്ട്. കാണാതാകുന്ന കപ്പല്‍ ജീവനക്കാരുടെ കുടുംബത്തിന് സഹായം നല്‍കാനും വെബ്‌സൈറ്റിലൂടെ തങ്ങള്‍ക്കാകുമെന്ന് ഇവര്‍ പറയുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/