കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്ഥിരനിക്ഷേപം പണയം വെച്ച് വീണ്ടും ഒരു കോടി രൂപയുടെ വായ്‌പ എടുക്കുന്നു

Posted on: 15 Mar 2010



തൃശ്ശൂര്‍:കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ കടം തീര്‍ക്കാന്‍ വീണ്ടും വായ്പ എടുക്കാന്‍ നീക്കം. ഒരു കോടി രൂപയാണ് വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനുള്ള ഫയല്‍ തയ്യാറായിക്കഴിഞ്ഞു. ചീഫ് കമ്മീഷണര്‍ എത്തുന്ന ദിവസം ഇതിന് അംഗീകാരം വാങ്ങിയാലേ വായ്പ എടുക്കാനാകൂ.

ഒരാഴ്ച മുമ്പ് ചീഫ് കമ്മീഷണര്‍ ഡോ. വേണു എത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിനു മുമ്പാകെ ഫയല്‍ വെയ്ക്കാന്‍ സാധിച്ചില്ല. ബോര്‍ഡിന്റെ ഭരണനടത്തിപ്പില്‍ അസന്തുഷ്ടനായിരുന്ന ചീഫ് കമ്മീഷണര്‍ക്കു മുമ്പില്‍ വായ്പ എടുക്കാനുള്ള ഫയല്‍ വെയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

സ്ഥിരനിക്ഷേപം പണയംവെച്ചാണ് ഒരു കോടി വായ്പ എടുക്കാന്‍ ശ്രമിക്കുന്നത്. മരാമത്ത് പണികള്‍ക്ക് 60 ലക്ഷവും ചോറ്റാനിക്കരയിലെ നവരാത്രി മണ്ഡപം പണിക്കുമാത്രം 48 ലക്ഷവും ബില്ലുപാസാക്കി നല്‍കാനുണ്ട്. ഇത് കൊടുത്തുതീര്‍ക്കാനാണ് വായ്പാത്തുക ഉപയോഗിക്കുകയെന്ന് അറിയുന്നു.

ഒക്ടോബറില്‍ ഒരുദിവസം ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്ന് സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ 1.10 കോടി രൂപ വായ്പ എടുത്തിരുന്നു. അതിന് മാസം 10 ലക്ഷം രൂപ വീതമാണ് തിരിച്ചടവ്. അന്നും സ്ഥിരനിക്ഷേപം പണയംവെച്ചായിരുന്നു വായ്പ എടുത്തത്. പള്ളിത്താമത്തെ വാണിജ്യസമുച്ചയനിര്‍മാണത്തിന് മുമ്പ് 3 കോടി രൂപ വായ്പ എടുത്തിരുന്നു. അതില്‍ 1.35 കോടി രൂപ ഇനിയും തിരിച്ചടയ്ക്കാന്‍ ബാക്കിയാണ്.

മാര്‍ച്ച് അവസാനം ബോര്‍ഡിന്റെ ബജറ്റ് അവതരണം നടക്കും. ചീഫ് കമ്മീഷണര്‍ അതിനായി എത്തുമ്പോള്‍ പുതിയ വായ്പാനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട ഫയല്‍ മുമ്പില്‍ വെയ്ക്കാനാണ് തീരുമാനം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/