ബി.ജെ.പിയിലെ അസംതൃപ്തര്‍ തുറന്ന പോരിന്

Posted on: 15 Mar 2010


രതീഷ് രവി



മലപ്പുറം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാന്‍ പാര്‍ട്ടിയിലെ അസംതൃപ്തര്‍ തയ്യാറെടുക്കുന്നു. ബി.ജെ.പിയുടെയും പോഷക സംഘടനകളുടെയും ഭാരവാഹിപ്പട്ടികയില്‍ തഴയപ്പെട്ട, മുന്‍ സംസ്ഥാന നേതൃത്വത്തെ അനുകൂലിക്കുന്ന വിഭാഗമാണ് ശക്തിസമാഹരിച്ച് പോരിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി എറണാകുളത്തെ മഹിളാമോര്‍ച്ച നേതാവിന്റെ വീട്ടില്‍ രഹസ്യയോഗം നടന്നു. പുതിയ നേതൃത്വം തങ്ങളെ ഒതുക്കിയെന്നും ഏകാധിപത്യ പ്രവണതകള്‍ പുലര്‍ത്തുന്നുവെന്നുമാണ് ഇവരുടെ ആരോപണം.

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി ജില്ലാഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ സംസ്ഥാന നേതൃത്വം ഇടപെടുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മുറുമുറുപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതിനെ തുറന്നെതിര്‍ക്കാന്‍ ആദ്യഘട്ടത്തില്‍ ജില്ലാ പ്രസിഡന്റുമാര്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ എറണാകുളം ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ് ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം തള്ളി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പി. കൃഷ്ണദാസിനെ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയാക്കണമെന്ന നിര്‍ദേശമാണ് അദ്ദേഹം തള്ളിയത്. മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസിനെയും എ.എന്‍. രാധാകൃഷ്ണനെയും അനുകൂലിക്കുന്നയാളാണ് പി.ജെ. തോമസ്.

കാസര്‍കോട്, തൃശ്ശൂര്‍, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും അസംതൃപ്തര്‍ രഹസ്യയോഗങ്ങള്‍ ചേരുകയും ശക്തിസമാഹരിക്കുകയും ചെയ്യുന്നുണ്ട്. കാസര്‍കോട് വിലക്കയറ്റത്തിനെതിരായി ബി.ജെ.പി നടത്തിയ സമരങ്ങള്‍ അസംതൃപ്തവിഭാഗം 'ഹൈജാക്ക്' ചെയ്തതായി സംസ്ഥാന നേതൃത്വം കരുതുന്നു. കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായി സംസ്ഥാന നേതൃത്വം നിയോഗിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പരിപാടികളില്‍നിന്ന് അകറ്റി നിര്‍ത്തുന്നതായും സംശയിക്കുന്നു.

തൃശ്ശൂരില്‍ ജനജാഗരണ പരിഷത്ത് എന്ന പേരിലുള്ള സംഘടന ബി.ജെ.പിയിലെ അസംതൃപ്തരുടെ കൂട്ടായ്മയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പി.പി. മുകുന്ദന്റെ പിന്തുണയുണ്ടെന്ന് കരുതുന്നു. ഈ സംഘടനയ്ക്ക് ബദല്‍ സംഘടനാ സംവിധാനം പോലുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വിഘടിച്ചു നില്‍ക്കുന്ന അസംതൃപ്തരെ ഏകോപിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സക്രിയമായി പാര്‍ട്ടിയില്‍ മേധാവിത്വം നേടാനാണ് അസംതൃപ്ത വിഭാഗത്തിന്റെ നീക്കം.

17, 18 തിയ്യതികളില്‍ നടക്കുന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തില്‍ ബി.ജെ.പിയിലെ അഭിപ്രായഭിന്നത കൂടുതല്‍ പ്രകടമാകുമെന്നാണ് കരുതുന്നത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/