പുതിയ ഭക്ഷ്യസുരക്ഷാ ബില്‍ വരുന്നു

Posted on: 31 Jan 2013* അന്ത്യോദയ പദ്ധതി നിലനിര്‍ത്തും


ന്യൂഡല്‍ഹി: ഭക്ഷ്യമന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി പുതിയ ഭക്ഷ്യസുരക്ഷാ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

നേരത്തേ ലോക്‌സഭയില്‍ അവതരിപ്പിച്ച ഭക്ഷ്യസുരക്ഷാ ബില്‍ പിന്‍വലിച്ചുകൊണ്ടായിരിക്കുമിത്. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ഭൂരിഭാഗം ശുപാര്‍ശകളും സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ പുതിയബില്‍ പാസാക്കാന്‍ തടസ്സമുണ്ടാവില്ലെന്നാണ് പ്രതീക്ഷ.

ബുധനാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതിയില്‍ത്തന്നെ ബില്‍ അവതരിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി കെ.വി.തോമസ് പറഞ്ഞു. പുതിയ ബില്‍ സംബന്ധിച്ച് വീണ്ടും സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തും.

വളരെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം നല്‍കുന്ന അന്ത്യോദയ അന്നയോജന പദ്ധതി (എ.എ.വൈ.) നിലനിര്‍ത്താനും ഗുണഭോക്താക്കള്‍ക്ക് മാസം 35 കിലോഗ്രാം ഭക്ഷ്യധാന്യം നല്‍കാനും പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യും.

ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരും താഴെയുള്ളവരും എന്ന തരംതിരിവ് ഒഴിവാക്കും. റേഷന്‍ധാന്യത്തിന് അര്‍ഹരായവര്‍, എ.എ.വൈ. വിഭാഗക്കാര്‍ എന്നീ രണ്ടുകൂട്ടരേ പുതിയ ബില്ലനുസരിച്ച് ഉണ്ടാവൂ. എ.എ.വൈ. പദ്ധതി ആവശ്യമില്ലെന്നും പകരം റേഷന്‍ ധാന്യത്തിന് അര്‍ഹരായ ഒറ്റവിഭാഗം മാത്രം മതിയെന്നുമായിരുന്നു സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശ. അത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മുകശ്മീര്‍ എന്നിവയുള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ 90 ശതമാനം ആളുകളെയും ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരും. ഈ സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യത്തില്‍ മാറ്റമുണ്ടാവില്ല. വളരെ പിന്നാക്ക വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള 250 ജില്ലകളിലുള്ളവര്‍ക്കും നിലവിലെ ആനുകൂല്യം നിലനിര്‍ത്തും.

റേഷന്‍ ധാന്യത്തിന് അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രതിമാസം 25 കിലോഗ്രാം ഭക്ഷ്യധാന്യമാണ് കുറഞ്ഞ നിരക്കില്‍ നല്‍കുക. അരി കിലോഗ്രാമിന് മൂന്നു രൂപ, ഗോതമ്പ് രണ്ടു രൂപ, ചാമ പോലുള്ള ധാന്യങ്ങള്‍ ഒരു രൂപ എന്നിങ്ങനെയായിരിക്കും നിരക്ക്. ഗ്രാമീണ മേഖലയിലെ 75 ശതമാനം ആളുകളെയും നഗരപ്രദേശങ്ങളിലെ 50 ശതമാനം ആളുകളെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരും. രാജ്യത്തെ 67 ശതമാനം ആളുകള്‍ക്ക് സൗജന്യനിരക്കില്‍ ഭക്ഷ്യധാന്യം ലഭിക്കും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/