പ്രത്യേക തെലുങ്കാന സംസ്ഥാനത്തിന് സാധ്യത;കോണ്‍ഗ്രസ് തേടുന്നത് സമയം

Posted on: 31 Jan 2013ന്യൂഡല്‍ഹി: പ്രത്യേക തെലുങ്കാന സംസ്ഥാനം അധികം വൈകാതെ യാഥാര്‍ഥ്യമായേക്കും. ഇക്കാര്യത്തില്‍ സമവായത്തിനായി കൂടുതല്‍ സമയം തേടുകയാണ്‌കോണ്‍ഗ്രസ് എന്നാണ് സൂചന.

തെലുങ്കാന പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ ആഭ്യന്തര മന്ത്രി മുന്നോട്ടുവച്ച സമയപരിധി കഴിഞ്ഞിട്ടും വ്യക്തമായ നിലപാടുകളൊന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ആത്യന്തികമായി പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കേണ്ടിവരുമെന്നാണ് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഈ തീരുമാനം ആന്ധ്രയില്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതം നേരിടാന്‍ കൂടുതല്‍സമയം തേടുകയാണ് കോണ്‍ഗ്രസ്.

തെലുങ്കാന ഒരു അനിവാര്യതയാണെന്ന കോണ്‍ഗ്രസ്സിന്റെ ചിന്താഗതിയുടെ പ്രതിഫലനം ബുധനാഴ്ച കോണ്‍ഗ്രസ്സിന്റെ പതിവ് പത്രസമ്മേളനത്തില്‍ പ്രകടമായി. കോണ്‍ഗ്രസ് തെലുങ്കാനയ്ക്ക് എതിരല്ലെന്ന് പാര്‍ട്ടി വക്താവ് പി.സി. ചാക്കോ പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. അതിന് ഔപചാരികതകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്- കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

ഹൈദരാബാദിന്റെ പദവി സംബന്ധിച്ച തര്‍ക്കമാണ് തെലുങ്കാനാ പ്രശ്‌നത്തില്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്നത്. മാത്രമല്ല, തെലുങ്കാനാ രൂപവത്കരണത്തിന് ആന്ധ്രാ നിയമസഭ പ്രമേയം പാസ്സാക്കുകയും വേണം. ഇത്തരം സാങ്കേതികതകളെക്കൂടാതെ ആന്ധ്രപ്രദേശിന്റെ വിഭജനത്തെ നഖശിഖാന്തം എതിര്‍ക്കുന്ന തീരദേശ ആന്ധ്രയിലേയും റായലസീമയിലേയും പാര്‍ട്ടി നേതാക്കളെ മെരുക്കുന്നതിനും കോണ്‍ഗ്രസ് നേതൃത്വത്തിന് കൂടുതല്‍ സമയം ആവശ്യമാണ്. തെലുങ്കാന രൂപവത്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന നിലപാടുമായി തെലുങ്കാനയില്‍നിന്നുള്ള പാര്‍ട്ടി എം.പി.മാര്‍ സോണിയാഗാന്ധിയെ കാണുന്നതിന് സമയം തേടിയിട്ടുമുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/