ചിത്രയുടേയും കുടുംബത്തിന്റെയും സ്വപ്നങ്ങള്‍ക്ക് ചിറകേകി നടി ശാലു മേനോനും ഇന്ദിര ടീച്ചറും

Posted on: 31 Jan 2013
കൊച്ചി: ''മാതൃഭൂമിയില്‍ വന്ന വാര്‍ത്തകണ്ടാണ് എന്റെ മനസ്സലിഞ്ഞത്. നിനച്ചിരിക്കാതെയുള്ള അച്ഛന്റെ വേര്‍പാട് തീര്‍ത്ത ഒറ്റപ്പെടലില്‍ പറക്കമുറ്റാത്ത നാലുപെണ്‍മക്കളുമായുള്ള ഒരമ്മയുടെ കണ്ണീരാണ് എന്നെയിവിടെയെത്തിച്ചത്''- നടി ശാലു മേനോന്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ചിത്രയുടെ മുഖം ചുവന്നു, കണ്ണുകള്‍ നിറഞ്ഞു. ഹൃദ്രോഗം മൂലം അകാലത്തില്‍ അച്ഛനെ നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ വാര്‍ത്ത ദിവസങ്ങള്‍ക്കുമുമ്പ് മാതൃഭൂമി പത്രത്തില്‍ വന്നതുകണ്ട് സഹായഹസ്തവുമായി അമ്മയോടൊപ്പം എത്തിയതായിരുന്നു നടി ശാലു മേനോന്‍. തന്റെ മേല്‍നോട്ടത്തിലുള്ള തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്‍ സ്മാരക ട്രസ്റ്റിന്റെ പേരില്‍ അവര്‍ 25,000 രൂപ കുടുംബത്തിന് നല്‍കി. തന്റെ നൃത്തവിദ്യാലയത്തില്‍ കുട്ടികള്‍ക്ക് സൗജന്യ പഠനവും വാഗ്ദാനം ചെയ്തു.

വെണ്ണല സ്‌കൂളിലെ റിട്ടയേര്‍ഡ് അദ്ധ്യാപികയായ ഇന്ദിര സുബ്രഹ്മണ്യവും സഹായവുമായെത്തി. തന്റെ ഭര്‍ത്താവിന്റെ ചരമ വാര്‍ഷികം പ്രമാണിച്ച് ഓരോ വര്‍ഷവും ജനറല്‍ ആസ്​പത്രിയില്‍ ഭക്ഷണവിതരണം നടത്തുന്നതിനായി നല്‍കുന്ന പതിനായിരം രൂപ പത്രവാര്‍ത്ത കണ്ടതിനെ തുടര്‍ന്ന് ഇവരുടെ കുടുംബത്തിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. നളന്ദ പബ്ലിക് സ്‌കൂള്‍ അധികൃതരും സഹായവാഗ്ദാനവുമായെത്തി.

ഗ്യാസ് സ്റ്റൗ മെക്കാനിക്കായ ആനന്ദന്‍ മരിച്ചതിന്റെ 66-ാം ദിനത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മൂത്തമകള്‍ അനുഷ പഠിക്കുന്ന തമ്മനം എം.പി.എം. സ്‌കൂള്‍ അധികൃതരാണ് 'കൈത്തിരിവെട്ടം'-ചിത്ര കുടുംബസഹായ നിധി എന്ന പേരില്‍ ചടങ്ങ് സംഘടിപ്പിച്ചത്. അയ്യായിരം രൂപ മാസ വാടകയില്‍ താമസിക്കുന്ന ചിത്രയുടേയും അനുഷ, അശ്വതി, അഞ്ജലി, അര്‍ച്ചന എന്നീ നാലു പെണ്‍മക്കളുടേയും സ്വപ്നം സ്വന്തം വീടാണ്. നഗരത്തിലെ ഒരു തുണിക്കടയില്‍ ജോലിക്കുപോയി കിട്ടുന്ന തുച്ഛവരുമാനമാണ് ചിത്ര വാടകയ്ക്കും കുട്ടികളുടെ പഠനത്തിനും ചെലവഴിക്കുന്നത്. പൊന്നുരുന്നി സികെസിജി ഹൈസ്‌കൂളിലാണ് മൂന്നു കുട്ടികളും പഠിക്കുന്നത്.

അപ്രതീക്ഷിതമായി സംഭവിച്ച അച്ഛന്റെ വേര്‍പാടില്‍ പകച്ചുപോയ കുടുംബത്തിന് മാതൃഭൂമിയുടെ സഹായത്തോടെ സുമനസ്സുകളുടെ കലവറയില്ലാത്ത സഹായം അക്കൗണ്ടിലേക്ക് എത്തുന്നുണ്ടെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇബ്രാഹിം പി.എം. പറഞ്ഞു. കുടുംബസദസ്സുകളുടെ നായികയായ ഒരു താരം സഹായഹസ്തവുമായെത്തിയത് ഏറെ മാതൃകാപരമാണെന്നും അനേകര്‍ക്ക് പ്രേരണയേകുമെന്നും പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച ചെയര്‍മാന്‍ ടി.എം. കോയക്കുട്ടി പറഞ്ഞു.

'സഹായങ്ങള്‍ക്ക് ഏറെ നന്ദിയുണ്ട്, കയറിക്കിടക്കാന്‍ സ്വന്തമായൊരു കൂരയ്ക്കും പട്ടിണിയില്ലാത്ത ജീവിതത്തിനും കുട്ടികളുടെ ഭാവിക്കും നല്ലമനസ്സുള്ള ഏവരുടേയും സഹായം തുണയാകുമെന്ന് പ്രതീക്ഷിക്കുന്നു'- അമ്മ ചിത്രയുടെ വാക്കുകള്‍....

മാതൃഭൂമി റീജണല്‍ മാനേജര്‍ വി.ഗോപകുമാര്‍, കുടുംബ സഹായ സമിതി രക്ഷാധികാരികളായ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ കെ.കെ അബു, എ.ആര്‍. പത്മദാസ്, സ്‌കൂള്‍ ഫിനാന്‍സ് മാനേജര്‍ എം.എം. ബഷീര്‍, പി.ടി.എ. പ്രസിഡന്റ് ഒ.എ. സക്കീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സഹായങ്ങള്‍ അക്കൗണ്ട് നമ്പര്‍ 0447053000006037, സൗത്ത് ഇന്ത്യന്‍ ബാങ്ക്, തമ്മനം, കൊച്ചി-25 എന്ന വിലാസത്തില്‍ അയയ്ക്കാം.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/