മനുഷ്യനും ആനയ്ക്കും സുരക്ഷ വേണം

Posted on: 31 Jan 2013ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ആനകളെ ഉപയോഗിക്കുമ്പോള്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അടുത്തകാലത്തുണ്ടായ ദുരന്തങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ രായമംഗലം കൂട്ടുമഠം ക്ഷേത്രത്തില്‍ ഈയിടെ ആനയിടഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു. ഉത്സവകാലത്ത് കേരളത്തില്‍ ആനയിടയുന്നത് സാധാരണമായിട്ടും വേണ്ടത്ര മുന്‍കരുതലുകളെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത് അപലപനീയമാണ്. രായമംഗലത്ത് ഇടഞ്ഞ ആന ആക്രമണോത്സുകതയുള്ളതാണെന്നു പറയപ്പെടുന്നു. കാഴ്ചക്കുറവുള്ള അതിനെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതായും പറയുന്നു. സുരക്ഷിതത്വം, പരിപാലനം എന്നിവ സംബന്ധിച്ചുള്ള നിബന്ധനകള്‍ പാലിക്കാത്തതാണ് പലപ്പോഴും ആന ഇടയാനും ഇടഞ്ഞാല്‍ കൂടുതല്‍ ആളപായവും നാശനഷ്ടവും ഉണ്ടാകാനും കാരണമാകുന്നത്.

ചില ആന ഉടമകളും പാപ്പാന്മാരും ആഘോഷ സം ഘാടകരും ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാറില്ല. കരാറുകാരുടെ അത്യാഗ്രഹമാണ് പലപ്പോഴും കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് ഇടയാക്കുന്നത്. രായമംഗലത്ത് ഇടഞ്ഞ ആനയെ ഏതാനും ദിവസങ്ങളായി വിശ്രമമില്ലാതെ വിവിധ ക്ഷേത്രങ്ങളില്‍ എഴുന്നള്ളിച്ചു വരികയായിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. വിശ്രമമില്ലാതെയുള്ള കഠിനജോലിയും വേണ്ടത്ര ഭക്ഷണമോ വെള്ളമോ കിട്ടാത്ത സ്ഥിതിയും ആനകളെ അസ്വസ്ഥരാക്കും. വേനല്‍ച്ചൂടില്‍ ആനയ്ക്ക് ആശ്വാസം പകരാനുള്ള സംവിധാനങ്ങള്‍ പലേടത്തും ഉണ്ടാകാറില്ല. ഈ സാഹചര്യത്തില്‍, ആനകളുടെയും മനുഷ്യരുടെയും രക്ഷയെ കരുതിയാണ് സര്‍ക്കാറും നീതിപീഠങ്ങളും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. ദൗര്‍ഭാഗ്യവശാല്‍, അവ പാലിക്കുന്നതിനല്ല, ലംഘിക്കുന്നതിനാണ് ബന്ധപ്പെട്ടവരില്‍ പലരും കൂടുതല്‍ താത്പര്യം കാണിക്കുന്നത്. വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തിടത്ത് ആളുകള്‍ക്ക് തൊട്ടടുത്ത് ആനകളെ അണിനിരത്തി ആഘോഷങ്ങള്‍ നടത്തുന്നത് കേരളത്തില്‍ പലേടത്തും കാണാം. സുരക്ഷിതത്വം സംബന്ധിച്ചുള്ള പ്രാഥമിക വ്യവസ്ഥകളെങ്കിലും ഇത്തരം സ്ഥലങ്ങളില്‍ പാലിക്കുന്നുണ്ടോ എന്ന് പലപ്പോഴും പരിശോധിക്കാറില്ല.പാപ്പാന്മാരുടെ അശ്രദ്ധ, മദ്യപാനം തുടങ്ങിയവ കാരണം ആനകളും ആളുകളും അപകടത്തില്‍പ്പെടുന്നതും കേരളത്തില്‍ പതിവാണ് . ഇണക്കം കുറയുന്ന മദക്കാലത്തുപോലും ആനകളെ ആഘോഷങ്ങള്‍ക്ക് കൊണ്ടുപോകുന്നവരുണ്ട്. വിലക്കുള്ള ആനകളെ പേരുമാറ്റി മറ്റു പ്രദേശങ്ങളില്‍ പരിപാടിക്കു കൊണ്ടുപോകുന്നതായും പരാതി ഉയര്‍ന്നിരുന്നു.

കേരളത്തില്‍ ആഘോഷങ്ങള്‍, വിശേഷിച്ച് ക്ഷേത്രോത്സവങ്ങള്‍ക്ക് പഴയകാലം മുതല്‍ ആനകളെ ഉപയോഗിച്ചുവരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട പല ചടങ്ങുകള്‍ക്കും ആനകള്‍ വേണം. ഉത്സവങ്ങളുടെ പൊലിമയും ദൃശ്യഭംഗിയും മറ്റും വിലയിരുത്തപ്പെടുന്നതും ആനകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ്. ഇക്കാര്യത്തില്‍ അടുത്തകാലത്തായി പല ക്ഷേത്രങ്ങളും കൂടുതല്‍ താത്പര്യം കാണിച്ചുതുടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആനകളുടെ ജോലിഭാരം വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്ത് ഉത്സവകാലമാണ്. ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളിലേക്ക് വിശ്രമമില്ലാതെ നീങ്ങുകയാണ് പല ആനകളും. ജനത്തിരക്കും സ്ഥലപരിമിതിയും കാരണം ആനകള്‍ക്ക് ഞെങ്ങിഞെരുങ്ങി നില്‍ക്കേണ്ട സ്ഥിതിയാണ് പലേടത്തും ഉണ്ടാകാറുള്ളത്. ആപത്കരമായ ഈ സാഹചര്യത്തില്‍ ഉത്സവ നടത്തിപ്പുകാരും ആന ഉടമകളും പാപ്പാന്മാരും കരാറുകാരുമെല്ലാം സുരക്ഷിതത്വനിബന്ധനകള്‍ പാലിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിയണം. ആഘോഷങ്ങള്‍ സുരക്ഷയെ അവഗണിച്ചുകൊണ്ടാവരുത്. ജനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിച്ചേ മതിയാകൂ.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/