ചെന്നിത്തലയുടെ ചടങ്ങിനൊരുക്കിയ വേദി കത്തിച്ചു

Posted on: 31 Jan 2013
കാഞ്ഞങ്ങാട്:കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രസംഗിക്കേണ്ട വേദി മണിക്കൂറുകള്‍ക്കു മുമ്പ് അഗ്‌നിക്കിരയായി. അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി 'ഗാന്ധിസ്മൃതി' പരിപാടി നടത്താന്‍വേണ്ടി വെള്ളിക്കോത്ത് അരയാല്‍ത്തറയ്ക്ക് സമീപമൊരുക്കിയ വേദിയുടെ പന്തലാണ് ബുധനാഴ്ച പുലര്‍ച്ചെ പാതി കത്തിയത്. രാവിലെ 8.30നാണ് വേദിയില്‍ കെ.പി.സി.സി. പ്രസിഡന്റിന്റെ ഉദ്ഘാടന പരിപാടി. വേദിക്ക് പിറകിലെ കര്‍ട്ടനിലൂടെ തീ പടര്‍ന്നുപിടിച്ച് ആളിക്കത്തുകയാണുണ്ടായത്. വേദിയുടെ പിന്‍ഭാഗം തകര്‍ന്നുവീണ നിലയിലായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. രാത്രി മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേദിക്ക് കാവല്‍ കിടന്നിരുന്നു. പോലീസ് ബന്തവസ്സും ഏര്‍പ്പെടുത്തിയിരുന്നു. പുലര്‍ച്ചെ പ്രവര്‍ത്തകര്‍ വീട്ടിലേക്കുപോയ സമയത്താണ് വേദിക്ക് തീയിട്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റിന് സ്വാഗതമാശംസിച്ച് പഞ്ചായത്തോഫീസ് പരിസരത്ത് സ്ഥാപിച്ച ബോര്‍ഡുകളും ബുധനാഴ്ച പുലര്‍ച്ചെ അപ്രത്യക്ഷമായിരുന്നു.

തകര്‍ന്ന വേദിയില്‍തന്നെയാണ് ഒമ്പതുമണിയോടെ 'ഗാന്ധിസ്മൃതി' പരിപാടികള്‍ നടന്നത്. ദേശീയ നേതാക്കളുടെ ചിത്രത്തിനു മുമ്പില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്കുശേഷം രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്തു. സി.പി.എം. തെറ്റായ വഴിയിലൂടെയാണ് നീങ്ങുന്നതെന്ന കാര്യം അവര്‍ മനസ്സിലാക്കണം. ഒരു സ്റ്റേജ് തകര്‍ത്താലും ആയിരം വേദികള്‍ പടുത്തുയര്‍ത്താന്‍ കോണ്‍ഗ്രസ് സജ്ജമാണ്. ഗാന്ധിയന്‍ മാര്‍ഗ സമരമുറയാണ് കോണ്‍ഗ്രസ്സിന്‍േറത്. മഹാത്മാഗാന്ധി ഭൂതകാലത്തിന്റെ ഓര്‍മ മാത്രമല്ല ഭാവിയുടെ പ്രതീക്ഷ കൂടിയാണ്. ഗാന്ധിജിയുടെ സത്യാഗ്രഹവും അഹിംസയും ഇന്ന് ലോകം മുഴുവന്‍ ഏറ്റെടുത്തുകഴിഞ്ഞു-ചെന്നിത്തല പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ അധ്യക്ഷനായി. കെ.പി.സി.സി. ജന. സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍, കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം അഡ്വ. എം.സി.ജോസ്, പി.എ.അഷറഫലി, അഡ്വ. ടി.കെ.സുധാകരന്‍, പി.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.വി.അരവിന്ദാക്ഷന്‍ നായര്‍ സ്വാഗതവും എം.അരവിന്ദന്‍ നായര്‍ നന്ദിയും പറഞ്ഞു. വെള്ളിക്കോത്ത് വിഷ്ണുഭട്ട് ദേശഭക്തിഗാനം ആലപിച്ചു. ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ ഉള്‍പ്പെടെ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. സ്റ്റേജ് കത്തിച്ചവരെ കണ്ടെത്തി നിയമത്തിന്റെമുമ്പില്‍ കൊണ്ടുവരണമെന്ന് പിന്നീട് നടന്ന പത്രസമ്മേളനത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/