വി.എസ്സിന്റെ വെളിപ്പെടുത്തല്‍: പൊളിറ്റ്ബ്യൂറോ മറുപടി പറയണം-ചെന്നിത്തല

Posted on: 31 Jan 2013കാഞ്ഞങ്ങാട്: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് പങ്കുണ്ടെന്ന വി.എസ്.അച്യുതാനന്ദന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സി.പി.എം. പൊളിറ്റ് ബ്യൂറോ മറുപടി പറയണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പിണറായിയും ഉത്തരം പറയണം. വി.എസ്സിന്റെ ഈ വെളിപ്പെടുത്തല്‍കൂടി ഉള്‍പ്പെടുത്തിയാകണം സി.ബി.ഐ.യുടെ തുടര്‍ അന്വേഷണമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാവ്‌ലിന്‍ അഴിമതിയെക്കുറിച്ച് പറഞ്ഞതിനാണ് തന്നെ പി.ബി.യില്‍നിന്ന് പുറത്താക്കിയതെന്ന വി.എസ്സിന്റെ വെളിപ്പെടുത്തല്‍ ഗുരുതരമാണ്. ഇത്രവലിയ അഴിമതി മൂടിവെക്കാനാണോ പൊളിറ്റ്ബ്യൂറോ ശ്രമിച്ചത്. ഇക്കാര്യം ജനങ്ങളോട് തുറന്നുപറയാന്‍ പൊളിറ്റ് ബ്യൂറോക്കും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും ബാധ്യതയുണ്ട്. ലാവ്‌ലിന്‍ കേസ് സി.ബി.ഐ.യെ കൊണ്ടന്വേഷിപ്പിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കോണ്‍ഗ്രസ്സാണ്. വി.എസ്സിന്റെ വെളിപ്പെടുത്തലും പി.കരുണാകരന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടുണ്ടെങ്കില്‍ അതും ഉള്‍പ്പെടുത്തിവേണം സി.ബി.ഐ.യുടെ ഇനിയുള്ള അന്വേഷണം. തുടക്കംമുതല്‍തന്നെ ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍ സി.പി.എം. ശ്രമിച്ചുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. എന്നെങ്കിലും ഒരിക്കല്‍ സത്യം പുറത്തുവരികതന്നെ ചെയ്യുമെന്നതിന്റെ തെളിവാണിത്. പാര്‍ട്ടിനിലപാട് അംഗീകരിച്ച് പോകുക എന്ന സി.പി.എം. രീതിക്ക് ഘടകവിരുദ്ധമാണ് വി.എസ്സിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ലാവ്‌ലിന്‍ വിവാദത്തെക്കുറിച്ച് പി.കരുണാകരന്‍ എം.പി.യുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നിട്ടില്ലെന്നാണ് സി.പി.എം. പറയുന്നത്. അതേക്കുറിച്ചും പി.ബി. വിശദീകരണം നല്‍കണം. സി.പി.എമ്മില്‍ വിഭാഗീയത ആളിക്കത്തുകയാണ്. പാര്‍ട്ടിക്കുള്ളിലെ കുടിപ്പകയും ചേരിപ്പോരുമാണ് ഇപ്പോള്‍ പുറത്തുവരുന്നത്-രമേശ് ചെന്നിത്തല പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, കെ.വെളുത്തമ്പു, അഡ്വ. എം.സി.ജോസ്, കെ.നീലകണ്ഠന്‍, പി.ഗംഗാധരന്‍ നായര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/