പ്രിയതരം ഈ പിറന്നാള്‍

Posted on: 31 Jan 2013ഇടങ്കണ്ണിലൊരു മുറിപ്പാടായി നീറുന്ന ഓര്‍മയാണ് പ്രിയദര്‍ശന് ക്രിക്കറ്റ്. പക്ഷേ ഇന്നും ബാറ്റുംപന്തും കണ്ടാല്‍ പ്രിയന്‍ കൗമാരത്തിന്റെ മൈതാനത്തെത്തും. പിറന്നാള്‍ ദിവസം കലൂര്‍‌സ്റ്റേഡിയത്തിന്റെ പച്ചപ്പില്‍ ഒരു ബാക്ക്ഫുട്ട് ഡ്രൈവിനുശേഷം ബാറ്റുയര്‍ത്തി പ്രിയന്‍ പറഞ്ഞു: 'ഈ ബര്‍ത്ത് ഡേ ഷോട്ട് മാതൃഭൂമിക്ക്...'

പ്രിയതരമായ കാഴ്ചകള്‍കൊണ്ട് ഇന്ത്യന്‍ സിനിമയുടെ സ്വപ്നവ്യാപാരിയായി മാറിയ മനുഷ്യന്‍ ഇക്കുറി പിറന്നാളാഘോഷിച്ചത് സ്വന്തം ക്രിക്കറ്റ് സംഘത്തിനും മാതൃഭൂമിക്കുമൊപ്പമാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് വിയര്‍പ്പൊഴുക്കി തയ്യാറെടുക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന് മധുരമായി മാറുകയായിരുന്നു ടീം ഉടമയുടെ ജന്മദിനം. ടീമിന്റെ പരിശീലനത്തിന് വീറേറ്റാന്‍ ബുധനാഴ്ച രാവിലെതന്നെ കലൂര്‍‌സ്റ്റേഡിയത്തിലെത്തിയ പ്രിയന് കേക്കിന്റെ രുചിയുള്ള ആശംസയുമായി ആദ്യം എത്തിയത് മാതൃഭൂമിയാണ്. വെളുത്ത നിറമുള്ള കേക്ക് മാതൃഭൂമി സീനിയര്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ കെ.ആര്‍. പ്രമോദ് അദ്ദേഹത്തിന് സമ്മാനിച്ചു. 'പിറന്നാളിന് കേക്കുമുറിക്കുന്ന സ്വഭാവം അഞ്ചാം വയസ്സില്‍ പോലും എനിക്കില്ല.' പ്രിയന്‍ പറഞ്ഞു. പക്ഷേ ടീമംഗങ്ങള്‍ വിടാനൊരുക്കമല്ലായിരുന്നു. കോച്ച് പങ്കജ് ചന്ദ്രസേനന്റെ നേതൃത്വത്തില്‍ വട്ടംകൂടിനിന്ന് അവര്‍ കേക്കുമുറിച്ചു. ഹാപ്പി ബര്‍ത്ത്‌ഡേ പറഞ്ഞു. സേനന്‍ തന്നെ കേക്ക് പ്രിയന് നല്‍കി. 'ആദ്യം ടീമിലെ ബേബിക്ക് തന്നെയാകട്ടെ...' രണ്ടാം സീസണിലെ സ്‌ട്രൈക്കേഴ്‌സിന്റെ ഹീറോ രാജീവ് പിള്ളയുടെ നാവിലേക്ക് കേക്ക് വെച്ചുനീട്ടുമ്പോള്‍ പ്രിയദര്‍ശന്‍ ഒന്നുകൂടി പറഞ്ഞു: 'മകനെ കഴിഞ്ഞവര്‍ഷത്തെപ്പോലെ തകര്‍ത്തടിക്കണേ.

'പിറന്നാളുകള്‍ വരും പോകും. അമ്പതുവയസ്സുകഴിഞ്ഞാല്‍ പിറന്നാളാഘോഷിക്കരുത് എന്നാണ് എന്റെ അഭിപ്രായം. ഇത്തവണത്തെ പിറന്നാള്‍ ഇവിടെ ഇവര്‍ക്കൊപ്പമാണ്. കുട്ടികളുടെ സ്​പിരിറ്റിന് ഒരു മൂവ്‌മെന്റ് ആയിക്കോട്ടെയെന്നു കരുതിയാണ് ഞാന്‍ ഇന്നിവിടെയെത്തിയത്.' -പ്രിയദര്‍ശന്‍ പറഞ്ഞു. നെറ്റ്പ്രാക്ടീസിലായിരുന്ന ടീമിനൊപ്പം ബാറ്റേന്താനും അദ്ദേഹം ആവേശം കാട്ടി. സേനന്റെയും നിവിന്‍പോളിയുടെയും പന്തുകള്‍ പ്രിയന്‍ പിഴവില്ലാതെ പ്രതിരോധിച്ചു. ഇടയ്ക്ക് ചില തകര്‍പ്പന്‍ ഷോട്ടുകള്‍. പണ്ട് പാഞ്ഞുവന്ന് ഇടങ്കണ്ണു തകര്‍ത്ത ഒരു പന്തിനെ പാടേമറന്നപോലെ.'35വര്‍ഷമായി ഗ്രൗണ്ടിലിറങ്ങിയിട്ട്. പക്ഷേ ഞാന്‍ ഇത് ആസ്വദിക്കുന്നു' -പ്രിയന്‍ പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/