താരയുദ്ധം തുടങ്ങുന്നു...

Posted on: 31 Jan 2013


ശരത്കൃഷ്ണകൊച്ചി നക്ഷത്രങ്ങളുടെ സ്‌നേഹഭാജനമാകാന്‍ ഇനി ഒമ്പതുനാള്‍. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎല്‍) മൂന്നാം സീസണിന്റെ ഉദ്ഘാടനച്ചടങ്ങ് ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാത്ഭുതമാണ് തുറന്നുവെക്കുക. സിനിമയും ക്രിക്കറ്റും ഇരട്ടനായകന്മാരാകുന്ന സിസിഎല്ലിനൊപ്പം കൈകോര്‍ക്കാന്‍ ഇന്ത്യന്‍ സിനിമയിലെ മുന്‍നിരതാരങ്ങളെല്ലാം കൊച്ചിയിലെത്തും.

സിസിഎല്ലില്‍ മലയാള സിനിമയുടെ പ്രതിനിധികളായ കേരള സ്‌ട്രൈക്കേഴ്‌സ് ഉടമകളിലൊരാളായ പ്രിയദര്‍ശനാണ് ഉദ്ഘാടനച്ചടങ്ങളുടെ സംവിധായകന്‍. സ്വപ്നക്കാഴ്ചകളുടെ വ്യാപാരിയായ പ്രിയന്‍ സ്വന്തം നാടിനുമുന്നില്‍ അഭിനമാനപൂര്‍വം അവതരിപ്പിക്കുകയാണ് സിസിഎല്ലിനെ.

ചെന്നൈ റൈനോസും കര്‍ണാടക ബുള്‍ഡോസേഴ്‌സും തമ്മിലുള്ള ആദ്യമത്സരത്തിനുശേഷമാകും സിസിഎല്‍ മൂന്നാം പതിപ്പിന് ഔദ്യോഗികമായി തുടക്കമാകുക. ഫിബ്രവരി ഒമ്പതിന് വൈകിട്ട് 6.30ന് പങ്കെടുക്കുന്ന ടീമുകളും കലൂര്‍ സ്റ്റേഡിയത്തില്‍ അണിനിരക്കും. ഇവരെ പരിചയപ്പെടുത്തിയശേഷം മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പതാക ഉയര്‍ത്തും. കേരള സ്‌ട്രൈക്കേഴ്‌സും മുംബൈ ഹീറോസും തമ്മില്‍ രണ്ടാം മത്സരമുള്ളതിനാല്‍ അരമണിക്കൂര്‍ മാത്രമാണ് ഉദ്ഘാടനച്ചടങ്ങ്.

സല്‍മാന്‍ഖാന്‍ ആയിരിക്കും പ്രധാന ആകര്‍ഷണം. ടീം ക്യാപ്റ്റനായിട്ടും കഴിഞ്ഞതവണ ബോളിവുഡ് സംഘത്തിനൊപ്പമെത്താന്‍ കഴിയാതെപോയ മസില്‍ഖാന്‍ ഇത്തവണ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. വെങ്കടേഷ്, വിശാല്‍, സൂര്യ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞതവണ ഷാര്‍ജയിലായിരുന്നു സിസിഎല്‍ ഉദ്ഘാടനം. രണ്ടാം സീസണില്‍ സ്‌ട്രൈക്കേഴ്‌സ്-മുംബൈ ഹീറോസ് മത്സരത്തിന് കലൂര്‍ സ്റ്റേഡിയത്തിലെത്തിയ കാണികളുടെ കടല്‍ കണ്ടതോടെ സിസിഎല്‍ അധികൃതര്‍ ഉറപ്പിച്ചതാണ് മൂന്നാം സീസണിന്റെ തുടക്കം കൊച്ചിയില്‍തന്നെയെന്ന്.

ഉദ്ഘാടനച്ചടങ്ങുകളുടെ പൂര്‍ണരൂപമായിട്ടില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു. വൈകിട്ട് ഏഴരയോടെ മാത്രമേ അദ്ദേഹത്തിന് എത്താനാകൂ എന്നറിയിച്ചതിനാലാണ് മന്ത്രി ഗണേഷ് പകരം ഉദ്ഘാടകനാകുന്നത്. രണ്ടാം മത്സരമുള്ളതിനാല്‍ ആറരയ്ക്ക് തന്നെ ചടങ്ങ് നടത്തേണ്ടതുണ്ട്. ചെന്നൈ റൈനോസ്, തെലുഗു വാറിയേഴ്‌സ്, കേരള സ്‌ട്രൈക്കേഴ്‌സ്, വീര്‍മറാത്തി എന്നീ ടീമുകളാണ് പൂള്‍ എയില്‍. കര്‍ണാടക ബുള്‍ഡോസേഴ്‌സ്, മുംബൈ ഹീറോസ്, ബംഗാള്‍ ടൈഗേഴ്‌സ്, ഭോജ്പുരി ദബാംഗ്‌സ് എന്നീ ടീമുകള്‍ പൂള്‍ ബിയില്‍ മത്സരിക്കുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/