രണ്ടും കല്പിച്ച് വി.എസ്‌

Posted on: 31 Jan 2013* വിശ്വാസമില്ലെങ്കില്‍ പുറത്താക്കട്ടെ
* വിജയന്‍ അഴിമതി നടത്തിയിട്ടില്ലെന്നത് ഒരു സാക്ഷിയുടെ മൊഴി മാത്രം


തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സത്യത്തിനൊപ്പം നിന്നതുകൊണ്ടാണ് തന്നെ പൊളിറ്റ്ബ്യൂറോയില്‍നിന്ന് പുറത്താക്കിയതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

ലാവലിന്‍ കേസില്‍ പൊളിറ്റ്ബ്യൂറോ എടുത്ത പൊതുനിലപാടിന് അനുകൂലമല്ല വി.എസ്സിന്റെ നിലപാട് എന്നുപറഞ്ഞുകൊണ്ടാണ് പൊളിറ്റ്ബ്യൂറോയില്‍ നിന്ന് തരംതാഴ്ത്തിയത്. ഇക്കാര്യത്തില്‍ പ്രശ്‌നം വ്യക്തിപരമല്ലെന്നും വി.എസ്. പറഞ്ഞു.

'മാതൃഭൂമി ന്യൂസി'ന്റെ 'ചോദ്യം ഉത്തരം' പരിപാടിയിലാണ് വി.എസ്. ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ലാവലിന്‍ കേസ് കെട്ടിച്ചമച്ച കഥയാണെന്ന് താന്‍ കരുതുന്നില്ല. സി ആന്‍ഡ് എ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസാണിത്. തന്റെ സഹപ്രവര്‍ത്തകനായ ബാലാനന്ദനും ഇതേക്കുറിച്ച് പഠിച്ച് ഇത് ശരിയായ നിലയിലുള്ള കരാറല്ലെന്ന് പ്രകാശ് കാരാട്ടിനെ അറിയിച്ചിട്ടുണ്ട്.

വ്യക്തിപരമായി ഈ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ല എന്നത് ഒരു സാക്ഷിയുടെ മൊഴിമാത്രമാണ്. ആ മൊഴിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്നും ഒഴിവാക്കിയിട്ടില്ല. ലാവലിന്‍ കേസില്‍ എട്ടാം പ്രതിയാണ് പിണറായി എന്നും വി.എസ്. പറഞ്ഞു.

ലാവലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷിച്ച് സത്യം പുറത്തുവരുന്നതിന് സഹായകരമായ നിലപാടാണ് നമ്മള്‍ സ്വീകരിക്കേണ്ടതെന്ന് പറഞ്ഞിരുന്നു. താന്‍ ആ കേസ് പഠിച്ചതിനുശേഷം സത്യസന്ധമായിട്ടുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നിലപാടെടുത്തതെന്നും വി.എസ്. വ്യക്തമാക്കി. അതിന് 24 കൊല്ലമായി പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന തനിക്ക് പി.ബിക്ക് പുറത്തുപോകേണ്ടിവന്നു.

മന്ത്രിസഭയുടെ താക്കോല്‍സ്ഥാനത്ത് ആര് വരണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരും യു.ഡി.എഫും ആണെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രഖ്യാപനത്തോടുള്ള പ്രതികരണമായി വി.എസ്. പറഞ്ഞു.

മുഖ്യമന്ത്രിയോട് ആലോചിക്കാതെ 5-ാം മന്ത്രിയെ തങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു. സമുദായ സന്തുലനം നഷ്ടമാകാന്‍ കാരണമിതാണെന്നും വി.എസ്. പറഞ്ഞു. നായര്‍-ഈഴവ ഐക്യം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറയെ ബാധിക്കില്ലെന്നും വി.എസ്. അഭിമുഖത്തില്‍ വ്യക്തമാക്കി.

പേഴ്‌സണല്‍ സ്റ്റാഫിനെയല്ല, തന്നെത്തന്നെയാണ് പാര്‍ട്ടി ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നതെന്നും വി.എസ്. വ്യക്തമാക്കി. തന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിരപരാധികളാണ്. അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റി ചില ആശ്രിതരെ അവിടെ കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. അതിനെ ശക്തമായി എതിര്‍ത്തു. അതിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കേണ്ടത് ഈ നീക്കം നടത്തുന്നവരാണ്. തന്നെ വിശ്വാസമില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കട്ടെ എന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ റൗഫ് വീണ്ടുവിചാരത്തോടെ ഇക്കാര്യങ്ങളെല്ലാം പുറത്തുപറയുകയാണ് ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അല്ലാതെ മറ്റ് ബന്ധമൊന്നുമില്ല. ടി.ജി. നന്ദകുമാറിനെ ഒരിക്കല്‍ കണ്ടിട്ടുണ്ട്. ഇനി അയാളുടെ കാര്യത്തില്‍ ശ്രദ്ധിക്കാമെന്നും വി.എസ്. പറഞ്ഞു.

തുറന്ന് പറഞ്ഞ് വി.എസ്.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/