കേന്ദ്രനേതൃത്വത്തിന് ഞെട്ടല്‍; കരുതലോടെ നീങ്ങാന്‍ ധാരണ

Posted on: 31 Jan 2013


പി.കെ. മണികണ്ഠന്‍ന്യൂഡല്‍ഹി: ലാവലിന്‍ അഴിമതിക്കേസില്‍ പാര്‍ട്ടിനിലപാടിനെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വീണ്ടും പരസ്യമായി തുറന്നടിച്ചത് സി.പി.എം. കേന്ദ്രനേതൃത്വത്തെ ഞെട്ടിച്ചു. ജനപ്രിയനേതാവിന്റെ പരസ്യമായ പൊട്ടിത്തെറി കരുതലോടെ കൈകാര്യംചെയ്യണമെന്ന ധാരണയാണ് നേതൃതലത്തില്‍ ബുധനാഴ്ച ഉരുത്തിരിഞ്ഞത്.

'മാതൃഭൂമി ന്യൂസ്' ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലാവലിന്‍കേസ് സംബന്ധിച്ച് വി.എസ്. നടത്തിയ അഭിപ്രായപ്രകടനം അച്ചടക്കലംഘനമാണെന്നുതന്നെ പാര്‍ട്ടി വിലയിരുത്തുന്നു. എന്നാല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ ധൃതിപിടിച്ച് നടപടിയെടുക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നും കേന്ദ്രനേതാക്കള്‍ കരുതുന്നു.

ലാവലിന്‍കേസില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുടുക്കാന്‍ ജഡ്ജിമാരെ സ്വാധീനിച്ചെന്ന ആരോപണത്തിനെതിരെ സ്വയംപ്രതിരോധമെന്ന നിലയ്ക്കാണ് പ്രസ്താവന നടത്തിയതെന്നാണ് വി.എസ്സിന്റെ നിലപാട്. ഇക്കാര്യം അദ്ദേഹം ചില കേന്ദ്രനേതാക്കളെ ധരിപ്പിച്ചതായി അറിയുന്നു.

ഈ ഗുരുതര ആരോപണമടങ്ങിയ പി. കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാനനേതൃത്വം ഈയിടെ പൊടിതട്ടിയെടുത്തതാണ് വി.എസ്സിനെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.

കമ്മീഷന്റിപ്പോര്‍ട്ട് ലഭിച്ചശേഷം വിഷയം സമഗ്രമായി പരിശോധിക്കാമെന്ന ധാരണയാണ് കേന്ദ്രനേതൃത്വത്തില്‍ ബുധനാഴ്ച ഉരുത്തിരിഞ്ഞതെന്നാണ് സൂചന. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മാത്രമല്ല, ഉദ്ദേശ്യവും വിലയിരുത്തിമാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലുമൊരു നടപടിക്ക് സാധ്യതയുള്ളൂ.

വി.എസ്സിന്റെ അഭിപ്രായപ്രകടനത്തെക്കുറിച്ച് മാധ്യമങ്ങളുമായി ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതികരിച്ചു. വി.എസ്സിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടില്ലെന്നുപറഞ്ഞ പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, വിഷയം തങ്ങള്‍ക്കുമുമ്പാകെ വരികയാണെങ്കില്‍ ചര്‍ച്ചചെയ്യുമെന്ന് അറിയിച്ചു.

പരസ്യപ്രസ്താവന സംബന്ധിച്ച് വി.എസ്. കേന്ദ്രനേതാക്കള്‍ക്കുമുന്നില്‍വെച്ച വാദമുഖം എളുപ്പം തള്ളാനാവുന്നതല്ല. സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണമുയര്‍ന്നാല്‍ അതൊരു ഭരണഘടനാപ്രശ്‌നവും സത്യപ്രതിജ്ഞാലംഘനവുമായി വ്യാഖ്യാനിക്കപ്പെടും. ഇത്തരം ആരോപണങ്ങളെ പാര്‍ട്ടി സംസ്ഥാന നേതൃത്വം തന്നെ എതിര്‍ക്കേണ്ടതായിരുന്നു. എന്നാല്‍, അത്തരമൊരു സമീപനം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതിനാല്‍ സ്വയംപ്രതിരോധവുമായി രംഗത്തെത്തുകയാണുണ്ടായതെന്നാണ് വി.എസ്. കേന്ദ്രനേതാക്കളോട് വിശദീകരിച്ചിരിക്കുന്നത്.

പി. കരുണാകരന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് സംസ്ഥാന സമിതി പരിഗണിച്ചശേഷം ഔദ്യോഗികചേരി അതു മാധ്യമങ്ങള്‍ക്കദ ചോര്‍ത്തിനല്‍കി വി.എസ്സിനെ അവഹേളിച്ചെന്ന വികാരം കേന്ദ്രനേതൃത്വത്തില്‍ ഒരു വിഭാഗത്തിനുണ്ടുതാനും.

ഫിബ്രവരി 14ന് ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം അതിന്റെ തിരക്കിലാണ്. ബംഗാളിലെ പരാജയമടക്കം ദേശീയരാഷ്ട്രീയത്തിലെ തിരിച്ചടി ത്രിപുര തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് പാര്‍ട്ടി. കൂടാതെ, ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള അഖിലേന്ത്യാ ജാഥകള്‍ ഫിബ്രവരി 25ന് തുടങ്ങും. മാര്‍ച്ച് 19നേ ജാഥകള്‍ അവസാനിക്കൂ. ഈ സാഹചര്യത്തില്‍ കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ പെട്ടെന്നു ചര്‍ച്ച ചെയ്യാനാവില്ലെന്നാണ് കേന്ദ്രനേതാക്കള്‍ നല്‍കുന്ന സൂചന.

NKS......PM

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/