സാമ്പത്തികവളര്‍ച്ച നാമമാത്രം; അമേരിക്ക പ്രതിസന്ധിയിലേക്ക്

Posted on: 31 Jan 2013വാഷിങ്ടണ്‍: സാമ്പത്തിക വിദഗ്ധരെ അമ്പരപ്പിച്ച് 2012-ലെ അവസാനപാദത്തില്‍ അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥ മൂന്നുവര്‍ഷത്തെ ഏറ്റവുംകുറഞ്ഞ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. സപ്തംബര്‍ മുതല്‍ ജനവരി വരെയുള്ള കാലയളവില്‍ കേവലം 0.1 ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്. 1.1 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്.

ജൂലായ് മുതല്‍ സപ്തംബര്‍ വരെയുള്ള മൂന്നാംപാദത്തില്‍ 3.1 ശതമാനത്തിന്റെ വളര്‍ച്ചയായായിരുന്നു ഉണ്ടായത്. 'ഫിസ്‌കല്‍ ക്ലിഫ്' എന്ന് വിശേഷിപ്പിക്കപ്പെട്ട ധനക്കെണിയില്‍ അകപ്പെട്ടതാണ് നാലാംപാദത്തില്‍ സാമ്പത്തികസ്ഥിതി മോശമാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. പ്രതിസന്ധി മറികടക്കാന്‍ വിപണിയെ ഉത്തേജിപ്പിക്കുന്നതിന് യു.എസ്.ഫെഡറല്‍ റിസര്‍വിന്റെ ഇടപെടലുണ്ടായേക്കും.

എന്നാല്‍, 2011-നെ അപേക്ഷിച്ച് .4 ശതമാനം വളര്‍ച്ച 2012-ല്‍ അമേരിക്ക നേടി. പക്ഷേ, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇതും വളരെ കുറവാണ്. നിലവില്‍ അമേരിക്കയുടെ പൊതുകടം നിയമം അനുശാസിക്കുന്ന 16 ലക്ഷം കോടി ഡോളറിലെത്തിയിട്ടുണ്ട്. മറ്റാവശ്യങ്ങള്‍ക്ക് പണം ലഭ്യമാകണമെങ്കില്‍ കടപരിധി ഉയര്‍ത്തേണ്ടതുണ്ട്. ഈ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും കോണ്‍ഗ്രസ്സിലെ നിര്‍ണായക ശക്തിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി ഭിന്നതയുറപ്പാണ്.

സാമ്പത്തിക ദുരന്തത്തില്‍നിന്ന് രക്ഷനേടാനുള്ള നടപടികള്‍ക്ക് യു.എസ്.കോണ്‍ഗ്രസ് ഈ മാസമാദ്യം അംഗീകാരം നല്‍കിയിരുന്നു. മുന്‍പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലത്ത് നടപ്പാക്കിയ വ്യാപക നികുതിയിളവുകളുടെ കാലാവധി ജനവരി ഒന്നിന് അവസാനിച്ചതിനെത്തുടര്‍ന്നാണിത്. അതോടൊപ്പം വിപുലമായ ചെലവ് ചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കുന്ന തീയതിയും ഇതുതന്നെയായിരുന്നു. നികുതിയിളവുകള്‍ ഇല്ലാതാകുകയും ചെലവ് ചുരുക്കല്‍ പ്രാബല്യത്തില്‍ വരികയും ചെയ്താല്‍ ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയില്‍ രാജ്യം അകപ്പെടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അവസാനവട്ട ചര്‍ച്ചയിലാണ് ഇതൊഴിവാക്കാനുള്ള നടപടികള്‍ക്ക് യു.എസ്. കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/