ബുര്‍ക്കിന ഫാസോ, നൈജീരിയ ക്വാര്‍ട്ടറില്‍

Posted on: 31 Jan 2013നേഷന്‍സ് കപ്പ്: സാംബിയ പുറത്ത്


നെല്‍സ്​പ്രൂയിറ്റ്: നിലവിലെ ചാമ്പ്യന്മാരായ സാംബിയ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ബൊംബേല സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ബുര്‍ക്കിന ഫാസോയോട് ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നതോടെ ഗ്രൂപ്പ് 'സി' യില്‍ ചാമ്പ്യന്മാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. മത്സരങ്ങള്‍ മൂന്നും സമനിലയിലായതോടെ ഗ്രൂപ്പില്‍ മൂന്ന് പോയന്റാണ് സാംബിയയുടെ സമ്പാദ്യം. ഇതോടെ അവര്‍ 1992-ല്‍ അള്‍ജീരിയയ്ക്കുശേഷം ഒന്നാംറൗണ്ടില്‍ പുറത്താവുന്ന ആദ്യ ചാമ്പ്യന്‍ ടീമായി.

മറ്റൊരു മത്സരത്തില്‍ എത്യോപ്യയെ തകര്‍ത്ത് (2-0) നൈജീരിയ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി (5 പോയന്റ്) അവസാന എട്ടിലെത്തി. മോസസ് നേടിയ രണ്ട് പെനാല്‍ട്ടി (79, 90) ഗോളുകളായിരുന്നു എത്യോപ്യക്കെതിരായ ജയവും ക്വാര്‍ട്ടറും നൈജീരിയയ്ക്ക് ഉറപ്പാക്കിയത്. അഞ്ച്‌പോയന്റ് നേടിയ ബുര്‍ക്കിന ഫാസോ ഗോള്‍ ശരാശരിയില്‍ നൈജീരിയയെ പിന്തള്ളി ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായി ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കുകയും ചെയ്തു. ഒരു പോയന്റ് നേടിയ എത്യോപ്യയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

ക്വാര്‍ട്ടറിലെത്താന്‍ ജയം അനിവാര്യമായതോടെ ഏറെ പ്രതീക്ഷയുമായാണ് സാംബിയ ബുര്‍ക്കിന ഫാസോയ്ക്ക് എതിരെ കളത്തിലിറങ്ങിയത്. സമനിലപോലും ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കുമെന്നതിനാല്‍ പ്രതിരോധത്തിലൂന്നിയാണ് ബുര്‍ക്കിന ഫാസോ സാംബിയയെ നേരിട്ടത്. സാംബിയന്‍ മുന്നേറ്റങ്ങളെ ബോക്‌സിലെത്തുന്നതിന് മുമ്പ് തടയാനും അവര്‍ക്കായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ 70-ാം മിനിറ്റില്‍ നൈജീരിയ എത്യോപ്യക്കെതിരെ ലീഡ് നേടുന്നതുവരെയും ചാമ്പ്യന്മാര്‍ പ്രതീക്ഷ കൈവെടിഞ്ഞുമില്ല. സാംബിയയുടെ, ബുര്‍ക്കിനോ ഫാസോയ്ക്ക് എതിരായ ഗോള്‍ശ്രമങ്ങള്‍ പാഴാകുകയും നൈജീരിയ എത്യോപ്യക്കെതിരെ (2-0) വിജയിക്കുകയും ചെയ്തതോടെ ചാമ്പ്യന്മാര്‍ക്ക് പുറത്തേക്കുള്ള വഴി ഒരുങ്ങുകയായിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/