തിരഞ്ഞെടുപ്പ് പരിഷ്‌കരണം രാഷ്ട്രീയക്കാരുടെ കേസുകള്‍ തീര്‍പ്പാക്കല്‍ വേഗമാക്കാന്‍ ആലോചന

Posted on: 31 Jan 2013* ശിക്ഷിക്കും മുമ്പ് അയോഗ്യരാക്കിയേക്കില്ല
ന്യൂഡല്‍ഹി: രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിനെക്കുറിച്ച് നിയമമന്ത്രാലയം ആലോചിക്കുന്നു. ക്രിമിനല്‍ കേസുകളിലെ പ്രതികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കണമെന്ന് വര്‍മ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

അയോഗ്യരാക്കുന്നതിനുപകരം കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കുകയാണ് ഉചിതമെന്നാണ് മന്ത്രാലയം കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് താന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി കേന്ദ്ര നിയമമന്ത്രി അശ്വിനികുമാര്‍ പറഞ്ഞു. രാഷ്ട്രീയ കക്ഷികളുമായും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

18 മാസത്തിനകം വിചാരണക്കോടതി വിധി പറയണമെന്ന തരത്തിലുള്ള മാറ്റമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഏപ്രിലോടെ വ്യക്തമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയമകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുംമുമ്പ് ഒരാളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്നത് നീതീകരിക്കാനാവില്ല - മന്ത്രി ചൂണ്ടിക്കാട്ടി.

ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ നിയമങ്ങള്‍ ശക്തിപ്പെടുത്താന്‍ നിയോഗിച്ച ജസ്റ്റിസ് വര്‍മ കമ്മീഷനാണ് ക്രിമിനല്‍ കേസില്‍പ്പെട്ടവരെ അയോഗ്യരാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/