ഇരട്ട നായകരെപ്പോലെ അടുത്തടുത്ത് മമ്മൂട്ടിയും മോഹന്‍ലാലും

Posted on: 31 Jan 2013കൊച്ചി: ചൂടേറിയ കാപ്പിക്കപ്പുകളുമായി മമ്മൂട്ടിയും മോഹന്‍ലാലും ആര്‍ക്ക്‌ലൈറ്റുകള്‍ക്കു മുന്നില്‍ അടുത്തടുത്തു നിന്നു. ട്വന്റി ട്വന്റിയുടെ രണ്ടാം ഭാഗം കാണുന്ന കൗതുകത്തോടെ ചുറ്റും വലിയ ആള്‍ക്കൂട്ടം. ഒരു കൈയകലത്തില്‍ രണ്ട് മെഗാ താരങ്ങള്‍.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ക്ക് ഒരേസമയം ലൊക്കേഷനാകുകയായിരുന്നു പാലാരിവട്ടം ബൈപ്പാസിലെ ആസ്റ്റണ്‍ മേത്തര്‍ ഓഫീസ്. ഒരു കെട്ടിടത്തിന്റെ താഴെയും മുകളിലുമായി മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങള്‍ ക്യാമറയെ അഭിമുഖീകരിച്ചു. മുകള്‍നിലയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'ഇമ്മാനുവലി' ലെ ഇമ്മാനുവലായി മമ്മൂട്ടി. താഴെ സിദ്ദിഖിന്റെ 'ലേഡീസ് ആന്‍ഡ് ജന്റില്‍മാനി' ലെ ചന്ദ്രബോസായി മോഹന്‍ലാല്‍.

ബുധനാഴ്ച രാവിലെയാണ് രണ്ടു ചിത്രങ്ങളുടെയും ഷൂട്ടിങ് തുടങ്ങിയത്. ആസ്റ്റണ്‍ മേത്തറിലെ ജീവനക്കാര്‍ക്കും വിവരമറിഞ്ഞെത്തിയവര്‍ക്കും മമ്മൂട്ടിയുടെയും ലാലിന്റെയും സാന്നിധ്യം ഇരട്ടിമധുരമായി. ഉച്ചയ്ക്കുശേഷം ഇമ്മാനുവലിന്റെ ലൊക്കേഷനിലേക്ക് ലാല്‍ ചെന്നു. 'ലേഡീസ് ആന്‍ഡ് ജന്റില്‍മാനി' ല്‍ ഒപ്പം അഭിനയിക്കുന്ന മനോജ് കെ. ജയനും കൂടെയുണ്ടായിരുന്നു. മമ്മൂട്ടിയുമായി ഏറെനേരം കുശലം പറഞ്ഞ ലാല്‍ സെറ്റിലുണ്ടായിരുന്ന സലിംകുമാറും പി. ബാലചന്ദ്രനുമുള്‍പ്പെടെയുള്ളവരുമായി തമാശ പങ്കുവെച്ചു നീങ്ങി.

മമ്മൂട്ടിയും മോഹന്‍ലാലും അടുത്തടുത്തുനില്‍ക്കുന്ന അപൂര്‍വ ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ വന്‍തിരക്കായിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/