റൗഫ് ഡി.ഐ.ജി. ശ്രീജിത്തുമായി ചേര്‍ന്ന് ഭൂമി തട്ടാന്‍ ശ്രമിച്ചെന്ന് സര്‍ക്കാര്‍

Posted on: 31 Jan 2013കൊച്ചി: വിവാദ വ്യവസായിയായ കെ.എ. റൗഫ് ഉത്തരമേഖല ഡി.ഐ.ജി. ശ്രീജിത്തുമായി ചേര്‍ന്ന് കര്‍ണാടകത്തിലെ ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിച്ചതായി സര്‍ക്കാര്‍. ഇക്കാര്യത്തിനായി ശ്രീജിത്തുമായി റൗഫ് ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളാണ് കിട്ടിയിട്ടുള്ളതെന്ന് ഹൈക്കോടതിയില്‍ നല്‍കിയ പത്രികയില്‍ പറയുന്നു.

മോഹന്‍രാജ് എന്ന വ്യക്തിയുടെ വസ്തു വ്യാജരേഖയുണ്ടാക്കി അന്യാധീനപ്പെടുത്താനുള്ള പദ്ധതി നടപ്പാക്കാന്‍ കര്‍ണാടകത്തിലുള്ള ഐ.പി.എസ്. ഓഫീസര്‍മാരുടെ സഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചാണ് ഡി.ഐ.ജി. ശ്രീജിത്ത് റൗഫുമായി സംസാരിച്ചതെന്നാണ് പോലീസ് എ.ഐ.ജി. അശോക് കുമാര്‍ സമര്‍പ്പിച്ച പത്രികയില്‍ വ്യക്തമാക്കുന്നത്. റൗഫിനെതിരായ റബ്ബര്‍ കടത്തു കേസ് പ്രത്യേക അന്വേഷണ സംഘത്തെ വെച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. വി.കെ. രാജു നല്‍കിയ ഹര്‍ജിയിലാണ് ഈ പത്രിക.

നികുതി വെട്ടിച്ച് റബ്ബര്‍ കടത്തിയ കേസുമായി ബന്ധപ്പെട്ട 3000-ത്തോളം പേജ് വരുന്ന രേഖകളാണ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് കാണാതായത്. ഇത് ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 2001 സപ്തംബര്‍ 14 മുതല്‍ 2003 ഏപ്രില്‍ 30 വരെ ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികള്‍. രേഖകള്‍ നശിപ്പിക്കപ്പെട്ടാല്‍ ഗുണം റൗഫിനാണെന്നതിനാല്‍ ഇതില്‍ റൗഫിനും പങ്കുള്ളതായി സംശയമുണ്ട്. ഈ സംഭവത്തില്‍ സത്യം കണ്ടെത്താന്‍ നുണപരിശോധന, മസ്തിഷ്‌ക-വിരലടയാള പരിശോധന തുടങ്ങിയ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട 20 സാക്ഷികളെ ചോദ്യം ചെയ്തു എന്നും പത്രികയില്‍ പറയുന്നു.

ഐസ്‌ക്രീം കോഴക്കേസ് പരിഗണിക്കുന്ന കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിനെതിരെ വാര്‍ത്ത വരുത്താനായി ഒരു മാധ്യമ പ്രവര്‍ത്തനകനുമായി ചര്‍ച്ച നടത്തിയതായും അന്വേഷണത്തിനിടെ വിവരം കിട്ടിയിട്ടുണ്ടെന്ന് പത്രികയില്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകനുമായി ചേര്‍ന്ന് ജഡ്ജിയെ മോശമായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്. ഐസ് ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ സാക്ഷികളായ റെജീന, ബിന്ദു എന്നിവരുമായി റൗഫ് പതിവായി ഫോണില്‍ സംസാരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്ക് മാസംതോറും പണം നല്‍കുന്നതുള്‍പ്പെടെ സാമ്പത്തിക ഇടപാടുള്ളതായും തെളിവ് കിട്ടിയിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

കമ്മീഷന്‍ ലഭിക്കാന്‍ വേണ്ടി കര്‍ണാടകത്തിലെ ഒരു മന്ത്രിയുടെ 10.05 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാനും റൗഫ് പദ്ധതിയിട്ടതായി അന്വേഷണത്തിനിടെ വിവരം കിട്ടിയിട്ടുണ്ട്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/