ലാവലിന്‍: വിജിലന്‍സ് അന്വേഷണത്തില്‍ ഗൂഢാലോചനയില്ല-മുഖ്യമന്ത്രി
Posted on: 31 Jan 2013
തിരുവനന്തപുരം: താന്‍ നേരത്തെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലാവലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് അടുത്തുവന്ന സമയത്തായിരുന്നു വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. ആരേയും കുറ്റക്കാരാക്കാതെയാണ് റിപ്പോര്‍ട്ട് വന്നത്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ രൂക്ഷമായ വിമര്‍ശം ഉണ്ടായി. 'ഹം സബ് ചോര്‍ ഹെ' എന്ന രീതിയില്‍ ഒരു പത്രം വിമര്‍ശിച്ചു. എല്ലാവരും കള്ളന്‍മാരാണെന്ന പ്രതീതിയാണ് ഉണ്ടാക്കിയത്. കോടതിയുടെ വിമര്‍ശം കൂടിയായപ്പോഴാണ് കേസ് സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സി.ബി.ഐ അത് നിരാകരിച്ചു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും ആരും സമ്മര്‍ദം ചെലുത്തിയിട്ടില്ല. ഞങ്ങള്‍ക്ക് ആരേയും രക്ഷിക്കാനില്ല. ആര്‍ക്കെതിരേയും ഗൂഢാലോചന നടത്താനുമില്ല. ഇതുപോലുള്ള കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ല. ഹൈക്കോടതിയുടെ ഇടപെടലുണ്ടായതിനുശേഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്- മുഖ്യമന്ത്രി പറഞ്ഞു.
ഭിന്നിച്ചു നില്‍ക്കുന്ന പ്രതിപക്ഷത്തേക്കാളും ശക്തമായ പ്രതിപക്ഷത്തെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ''എതിരാളിയുടെ ബലഹീനത ആഗ്രഹിച്ചാല്‍ ഏതുസമയവും തെന്നിവീഴാം. നമ്മുടേതായ ശക്തിയിലും മുന്നേറ്റത്തിലുമാണ് നമ്മള്‍ നില്‍ക്കേണ്ടത്''-മുഖ്യമന്ത്രി പറഞ്ഞു.