പറമ്പിക്കുളം- ആളിയാര്‍ കരാര്‍: തമിഴ്‌നാടിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും

Posted on: 31 Jan 2013* തമിഴ്‌നാടിനോട് 44 കോടി നഷ്ടപരിഹാരം ആവശ്യപ്പെടും


തിരുവനന്തപുരം: പറമ്പിക്കുളം -ആളിയാര്‍ കരാറനുസരിച്ച് കേരളത്തിന് അര്‍ഹമായ വെള്ളം നല്‍കാത്ത തമിഴ്‌നാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. തമിഴ്‌നാടിനോട് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കാത്തിനാല്‍ പാലക്കാട് ജില്ലയില്‍ വന്‍തോതില്‍ കൃഷിനാശമുണ്ട്.കുടിവെള്ളത്തിന് ദൗര്‍ലഭ്യവുമുണ്ട്. 12 കോടിയുടെ നെല്‍കൃഷി നശിച്ചു. ഇതുള്‍പ്പടെ 44 കോടിരൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് മന്ത്രിമാരായ പി.ജെ.ജോസഫും കെ.പി.മോഹനനും പറഞ്ഞു. ഫിബ്രവരി, മാര്‍ച്ച് മാസങ്ങളില്‍ തമിഴ്‌നാടിനോട് 1.8 ടി.എം.സി വെള്ളം കൂടി ആവശ്യപ്പെടും. മുഖ്യമന്ത്രിതല കൂടിക്കാഴ്ചയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സമയം ചോദിക്കാനും തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ ഇടപെടലിനും സമ്മര്‍ദ്ദം ചെലുത്തും.

കരാര്‍ പ്രകാരം ജനവരി 31 വരെ 5.6 ടി.എം.സി വെള്ളമാണ് തമിഴ്‌നാട് കേരളത്തിന് നല്‍കേണ്ടത്. എന്നാല്‍ ഇത് ലംഘിച്ചു. ഡിസംബറില്‍ ചേര്‍ന്ന സംയുക്ത ജലക്രമീകരണ ബോര്‍ഡിന്റെ യോഗത്തില്‍ 4.4 ടി.എം.സി വെള്ളം തരാമെന്ന് തമിഴ്‌നാട് അറിയിച്ചു. ഇത് വ്യാഴാഴ്ചവരെയേ ലഭിക്കൂ. ഇതിന്റെ കുടിശ്ശികയടക്കമാണ് 1.8 ടി.എം.സി വെള്ളം കേരളം ആവശ്യപ്പെടുന്നത്.

തമിഴ്‌നാടിന്റെ കരാര്‍ ലംഘനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സര്‍വകക്ഷിയോഗത്തില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ വാദങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ല. കത്തയച്ചാല്‍ തമിഴ്‌നാട് മറുപടി നല്‍കില്ല. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി പി.ജെ.ജോസഫ് അറിയിച്ചെങ്കിലും അവര്‍ തയ്യാറായില്ല. കേരളത്തിന് അര്‍ഹമായ ജലം കിട്ടണം. വെള്ളം നല്‍കാത്തതുകൊണ്ട് കേരളത്തിനുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരവും കിട്ടണം. ഇത് ആവശ്യപ്പെട്ടും കരാര്‍ ലംഘനത്തില്‍ പ്രതിഷേധിച്ചും കേരളം കത്തയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, വിവിധ പാര്‍ട്ടികളുടെ പ്രതിനിധികളായ ആനത്തലവട്ടം ആനന്ദന്‍, കെ.കൃഷ്ണന്‍കുട്ടി, എന്‍.കെ.പ്രേമചന്ദ്രന്‍, എ.പദ്മകുമാര്‍, ജോര്‍ജ് സെബാസ്റ്റിയന്‍, വി.എസ്.മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/