എയര്‍ഇന്ത്യയിലെ പൈലറ്റുമാരുടെ കുറവ് ഉടന്‍ പരിഹരിക്കും-മന്ത്രി വേണുഗോപാല്‍

Posted on: 31 Jan 2013തിരുവനന്തപുരം: എയര്‍ഇന്ത്യയുടെ വിമാന സര്‍വീസുകള്‍ വൈകുന്നതിനും റദ്ദാക്കുന്നതിനും കാരണമായ പൈലറ്റുമാരുടെ കുറവിന് രണ്ടുമാസത്തിനകം പരിഹാരം കാണുമെന്ന് കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരത്തെ എയര്‍ഇന്ത്യയുടെ മെയിന്റനന്‍സ് ഹാങ്ങര്‍ യൂണിറ്റില്‍ 'സി-ചെക്ക്' പരിശോധനാസൗകര്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എയര്‍ഇന്ത്യ എക്‌സ്​പ്രസ് സര്‍വീസുകള്‍ക്കായി 40 പൈലറ്റുമാരെ ഉടന്‍ നിയമിക്കും. ഇതിനുള്ള പരസ്യം നല്‍കിയിട്ടുണ്ട്. ആറ് ഇന്‍സ്ട്രക്ടര്‍മാരെയും ഉടന്‍ നിയമിക്കും. ഇതില്‍ വിദേശിയായ ഒരു ഇന്‍സ്ട്രക്ടര്‍ ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടുണ്ട്.

എയര്‍ ക്രാഫ്ട് മെയിന്റനന്‍സ് മേഖലയില്‍ വലിയ ചൂഷണമാണ് ഇപ്പോള്‍ നടക്കുന്നത്. മതിയായ പഠനസൗകര്യംപോലുമൊരുക്കാതെ പലരും ആറും ഏഴും ലക്ഷം രൂപ ഫീസ് വാങ്ങി കോഴ്‌സുകള്‍ നടത്തുകയാണ്. പലരും പഠനം കഴിഞ്ഞാല്‍ ഉടന്‍ ജോലി വാഗ്ദാനം ചെയ്താണ് കോഴ്‌സ് നടത്തുന്നത്. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

'സി-ചെക്ക്' പരിശോധനാസൗകര്യം നിലവില്‍ വരുന്നതോടെ തിരുവനന്തപുരത്തെ ഹാങ്ങര്‍ യൂണിറ്റില്‍ വിപുലമായ വികസനത്തിനാണ് തുടക്കമിടുന്നത്. ഇതുവരെ പ്രാഥമിക അറ്റകുറ്റപ്പണികള്‍ മാത്രമാണ് നടന്നിരുന്നത്. മറ്റ് പരിശോധനകള്‍ മുംബൈയിലെ ഹാങ്ങര്‍ യൂണിറ്റിലാണ് നിര്‍വഹിച്ചിരുന്നത്. ഇതുമൂലം വന്‍ ചെലവാണ് നേരിട്ടിരുന്നത്. തിരുവനന്തപുരത്ത് 'സി-ചെക്ക്' പരിശോധനാസൗകര്യം വരുന്നതോടെ ഈ അധികച്ചെലവ് ഒഴിവാകും. 'സി-ചെക്ക്' സൗകര്യം ലഭിച്ചതിനുപിന്നാലെ യൂറോപ്യന്‍ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നേടാന്‍ തിരുവനന്തപുരം ഹാങ്ങര്‍ യൂണിറ്റിന് കഴിയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

'സി-ചെക്ക്' പരിശോധനാസൗകര്യം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അനുമതിപത്രം ചടങ്ങില്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ സിവില്‍ വ്യോമയാന വകുപ്പ് ജോയിന്റ് സെക്രട്ടറി ജി.അശോക്കുമാറിന് കൈമാറി. ചടങ്ങില്‍ മേയര്‍ അഡ്വ. കെ.ചന്ദ്രിക, ഡെപ്യൂട്ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ക്യാപ്ടന്‍ പുഷ്‌വിന്ദര്‍സിങ്, എന്‍ജിനീയറിങ് വിഭാഗം മേധാവി എച്ച്.ആര്‍.ജഗന്നാഥ് എന്നിവര്‍ സംസാരിച്ചു.

എന്താണ് 'സി-ചെക്ക്'


ഒരു വിമാനത്തിന് ഓരോ 7500 മണിക്കൂറുകള്‍ക്കുള്ളിലും നടത്തുന്ന സമഗ്രമായ പരിശോധനയും അറ്റകുറ്റപ്പണിയുമാണ് 'സി-ചെക്ക്' എന്നറിയപ്പെടുന്നത്. സാധാരണ 18 മാസത്തിലൊരിക്കലാണ് ഈ പരിശോധന നടത്തുക.

തിരുവനന്തപുരത്തെ എയര്‍ഇന്ത്യ മെയിന്റനന്‍സ് ഹാങ്ങര്‍ യൂണിറ്റില്‍ ഇപ്പോള്‍ 100 കോടി രൂപ ചെലവിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 40 കോടി രൂപ യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും വേണ്ടി മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്.

നിലവില്‍ മുംബൈ, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലെ ഹാങ്ങര്‍ യൂണിറ്റുകളില്‍ മാത്രമാണ് 'സി-ചെക്ക്' പരിശോധനാസൗകര്യമുള്ളത്.

ഓരോ യാത്രയ്ക്കുശേഷവും വിമാനം പരിശോധനയ്ക്ക് വിധേയമാക്കും. ഇതിന് ട്രാന്‍സിറ്റ് ചെക്ക് എന്നാണ് പേര്. ഓരോ 75 മണിക്കൂറിനുശേഷവും നടക്കുന്ന പരിശോധനയാണ് 'എക്സ്റ്റന്‍ഡഡ് ട്രാന്‍സിറ്റ് ചെക്ക്'. ഓരോ 500 മണിക്കൂറിനുശേഷവും വിമാനത്തിന് നടത്തുന്ന പരിശോധനയാണ് 'ഫേസ് ചെക്ക്'.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/