വി.എസ്സും പാര്‍ട്ടി നേതൃത്വവും നേര്‍ക്കുനേര്‍; തുടര്‍യാത്ര ദുഷ്‌കരം

Posted on: 31 Jan 2013


ആര്‍.ഹരികുമാര്‍തിരുവനന്തപുരം: സി.പി.എമ്മിനുള്ളില്‍ വി.എസ്. അച്യുതാനന്ദന് സഞ്ചരിക്കാന്‍ ഇനി ഏറെ ദൂരവും നേരവുമില്ല. ഈ കാര്യം ഉറപ്പിച്ചുതന്നെയാണ് സി.പി.എമ്മിന്റെ സംഘടനാസംവിധാനത്തെ അടിമുടി ഉലയ്ക്കുന്ന പ്രതികരണം അദ്ദേഹം നടത്തിയിരിക്കുന്നത്.

സി.പി.എം. സംസ്ഥാന നേതൃത്വവും വി.എസ്. അച്യുതാനന്ദനും ഇപ്പോള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. രണ്ടുകൂട്ടര്‍ക്കും ഇനി ഒരു ദിശയില്‍ ഒരുമിച്ചു നീങ്ങാനാവുന്ന കാര്യം സംശയമാണ്. അഥവാ അത്തരമൊരു ഒത്തുതീര്‍പ്പുണ്ടാകണമെങ്കില്‍ ഇരുകൂട്ടരും ഒരുപാടു വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. അതിന് ഇരുകൂട്ടരും തയ്യാറാകാന്‍ സാധ്യത വളരെ വിരളം.

പാര്‍ട്ടി സംഘടനാ സംവിധാനത്തില്‍ പൂര്‍ണനിയന്ത്രണമുള്ള സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒരുഭാഗത്തും പാര്‍ട്ടി അണികളിലും പൊതുസമൂഹത്തിലും നിര്‍ണായക സ്വാധീനമുള്ള വി.എസ്. അച്യുതാനന്ദന്‍ മറുഭാഗത്തും നില്‍ക്കുമ്പോള്‍ കുഴയുന്നത് വീണ്ടും കേന്ദ്രനേതൃത്വമാണ്.

വി.എസ്. അച്യുതാനന്ദന്റെ അച്ചടക്കലംഘനത്തിന് എന്തു ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ സി.പി.എം. സംസ്ഥാന നേതൃത്വത്തിന് സംശയങ്ങളില്ല. എന്നാല്‍ അത്രത്തോളം നീങ്ങാനുള്ള ശേഷി സി.പി.എം. കേന്ദ്ര നേതൃത്വത്തിനില്ലായെന്നത് വി.എസ്. നടത്തിയ ഈ സ്‌ഫോടനം എന്തു പ്രതികരണം പാര്‍ട്ടി നേതൃത്വത്തില്‍ സൃഷ്ടിക്കുമെന്നതിനെ പ്രവചനാതീതമാക്കുന്നു.

അച്ചടക്കലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ കുറേനാളുകളായി വി.എസ്സിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അച്ചടക്കനടപടി ആവശ്യപ്പെട്ടുവരുന്ന പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ ഇപ്പോഴത്തെ നീക്കം വളരെ കരുതലോടെയാണ്. വി.എസ്സിനെയും വെച്ച് ഇനി പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്ന സന്ദേശം കേന്ദ്ര നേതൃത്വത്തിനു നല്‍കിയെങ്കിലും യാതൊരു പ്രതികരണത്തിനും പാര്‍ട്ടി നേതൃത്വം തയ്യാറല്ല. ലാവലിന്‍ കേസ് സംബന്ധിച്ച വി.എസ്സിന്റെ പരാമര്‍ശങ്ങളോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് പിണറായി നല്‍കിയ മറുപടി പരിഹാസത്തില്‍ പൊതിഞ്ഞതായിരുന്നു. വി.എസ്സിന്റെ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചപ്പോള്‍ ''ഓഹോ, അങ്ങനെ പറഞ്ഞോ?'' എന്നായിരുന്നു പിണറായിയുടെ പ്രതികരണം.

വി.എസ്സിന്റെ പാര്‍ട്ടിനേതൃത്വത്തിനെതിരായ പരാമര്‍ശങ്ങള്‍ പുറത്തുവന്നപ്പോള്‍ പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയും കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്കും പ്രതികരിച്ചിരുന്നു. വി.എസ്. അങ്ങനെ പറയാന്‍ ഇടയില്ലെന്നായിരുന്നു ബേബിയുടെ പ്രതികരണം. പാര്‍ട്ടി ചര്‍ച്ചചെയ്തു തീര്‍പ്പുകല്പിച്ച കാര്യങ്ങള്‍ വി.എസ്. പുറത്തുപറഞ്ഞതു ശരിയല്ലെന്നും വി.എസ്. തിരുത്തണമെന്നുമായിരുന്നു ഡോ. തോമസ് ഐസക്കിന്റെ നിലപാട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.കെ. ബാലനും സമാനമായ അഭിപ്രായപ്രകടനം നടത്തി. എന്നാല്‍ പിന്നീട് നടന്ന ആലോചനയിലാണ് തത്കാലം പ്രതികരണം വേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം എത്തിയത്.

വി.എസ്സിന്റെ മുന്‍കാലത്തെ പാര്‍ട്ടി അച്ചടക്കലംഘനങ്ങളുടെ പരമ്പര കേന്ദ്രനേതൃത്വത്തിനു മുന്നില്‍ പലതവണ സംസ്ഥാന നേതൃത്വം നിരത്തിയിട്ടുണ്ട്. എന്നാല്‍ അതില്‍നിന്നു വ്യത്യസ്തമായി ഇത്തവണത്തെ അച്ചടക്കലംഘനം തങ്ങളുടെ ജോലി എളുപ്പമാക്കിയെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം പങ്കുവയ്ക്കുന്നത്. വി.എസ്സിന്റെ അച്ചടക്കലംഘനം ചര്‍ച്ചചെയ്യാന്‍ പൊളിറ്റ്ബ്യൂറോ യോഗവും തുടര്‍ന്ന് കേന്ദ്രകമ്മിറ്റിയും ചേരണമെന്ന ആവശ്യം അവര്‍ കേന്ദ്രനേതൃത്വത്തിനു മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്.

പാര്‍ട്ടി നേതൃത്വത്തിന് തന്നില്‍ വിശ്വാസമില്ലെങ്കില്‍ തന്നെ പുറത്താക്കട്ടെയെന്ന വെല്ലുവിളിയാണ് പാര്‍ട്ടി നേതൃത്വത്തിനു മുന്നില്‍ വി.എസ്. ഉയര്‍ത്തിയിരിക്കുന്നത്. ഇത് കടുത്ത ചില തീരുമാനങ്ങളിലേക്ക് താനും പോകുന്നുവെന്ന സൂചനയാണ് ഇതുവഴി വി.എസ്. നല്‍കിയിരിക്കുന്നത്.

തന്റെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്കെതിരായ അച്ചടക്കനടപടിയുടെ പേരിലാണ് സമീപകാലത്ത് വി.എസ്സും സി.പി.എം. സംസ്ഥാന നേതൃത്വവും തമ്മില്‍ കൊമ്പുകോര്‍ത്തത്. എന്നാല്‍ ആ വിഷയത്തില്‍നിന്നു മാറി കുറച്ചുകൂടി രാഷ്ട്രീയവും നൈതികവുമായ ഒരു വിഷയം പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റാനുള്ള ശ്രമമാണ് വി.എസ്. ഇപ്പോള്‍ നടത്തിയിരിക്കുന്നത്. എസ്.എന്‍.സി. ലാവലിന്‍ കേസ് വീണ്ടും ചര്‍ച്ചകളില്‍ സജീവമാക്കുകയെന്നതില്‍ വി.എസ്. ലക്ഷ്യം കാണുകയും ചെയ്തു.

വി.എസിന്റെ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/