ചെറുകിട വ്യവസായങ്ങള്‍ക്കായി എമര്‍ജിങ് കേരള

Posted on: 31 Jan 2013തിരുവനന്തപുരം: ചെറുകിട വ്യവസായങ്ങള്‍ക്കായി ഏമര്‍ജിങ് കേരള സംഘടിപ്പിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ വ്യവസായ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അടുത്ത ദിവസം ഇത് സംബന്ധിച്ച് ചെറുകിട വ്യവസായ അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തും. 2014 ല്‍ അസോസിയേഷന്‍ നടത്തുന്ന വേള്‍ഡ് മെഷിനറി എക്‌സ്‌പോയോടനുബന്ധിച്ചാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ചെറുകിട വ്യവസായ എമര്‍ജിങ് കേരള സംഘടിപ്പിക്കുന്നത്. കൊച്ചി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുന്നത്. ചടങ്ങില്‍ പ്രത്യേക പ്രഭാഷണം നടത്തിയ മന്ത്രി കെ.എം. മാണിയാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. സംഗമം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സി.ഐ.എസ്.എഫ് മാതൃകയില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഫോഴ്‌സ് രൂപവത്കരിക്കാനുള്ള ആലോചനകള്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അസോസിയേഷന്റെ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ടിലേക്ക് സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി രൂപ അടുത്ത ദിവസം തന്നെ നല്‍കുമെന്ന് കെ.എം. മാണി പറഞ്ഞു. ചെറുകിട സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ചടങ്ങില്‍ കേക്ക് മുറിക്കുകയും ചെയ്തു.

കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് കെ. പി. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായിരുന്നു. മുന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ, ജനറല്‍ സെക്രട്ടറി ടി. ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.എസ്.ഐ.എ ഭാരവാഹികളായ സി. ചന്ദ്രമോഹനന്‍, ടി. ചെന്താമരാക്ഷന്‍, കെ.ജെ. ഇമ്മാനുവല്‍, ദാമോദര്‍ അവനൂര്‍, എ. നിസാറുദ്ദീന്‍, കെ.കെ. രമേഷ്, ഡോ. ടി.സി. ജോസഫ്, എ. ഖാലിദ്, എസ്. സലിം, എബ്രഹാം സി. ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/