വനിതാബില്‍: സീറ്റ് കൂട്ടിയാല്‍ മതിയെന്ന് പാസ്വാന്‍
Posted on: 14 Mar 2010
ന്യൂഡല്‍ഹി: വനിതാസംവരണ ബില്ലിനെച്ചൊല്ലിയുള്ള തര്‍ക്കം തീരാന്‍ ലോക്‌സഭാ സീറ്റുകളുടെ എണ്ണം മൂന്നിലൊന്ന് വര്‍ധിപ്പിക്കണമെന്ന് ലോക്ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാന്‍ അഭിപ്രായപ്പെട്ടു. ഓരോ മണ്ഡലത്തിലും ഇരട്ട അംഗത്വം ഏര്‍പ്പെടുത്താവുന്നതാണെന്നും ദേശീയ ദളിത് മുന്നണി പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ അദ്ദേഹം നിര്‍ദേശിച്ചു.
ഓരോ തിരഞ്ഞെടുപ്പിനു സംവരണ മണ്ഡലത്തില്‍ മാറ്റം വരുത്താനുള്ള ഇപ്പോഴത്തെ വ്യവസ്ഥ ജാനാധിപത്യത്തെ ദുര്‍ബലമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം മാറുമ്പോള്‍ എം.പി. മാര്‍ക്ക് വികസനകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയില്ല.
ലോക്‌സഭയിലേക്ക് 181 സീറ്റുകൂടി അധികമായി ചേര്‍ക്കുകയാണെങ്കില്‍ നിലവിലെ പുരുഷ എം.പി.മാരുടെ എണ്ണത്തില്‍ മാറ്റമുണ്ടാകില്ലെന്ന് പാസ്വാന്‍ പറഞ്ഞു. ഇതില്‍ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി സീറ്റ് നീക്കിവെക്കാനും കഴിയും.
ഇരട്ട അംഗത്വം ഏര്‍പ്പെടുത്തിയാല്‍ പുരുഷനും സ്ത്രീയും ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ തിരഞ്ഞെടുക്കപ്പെടും - അദ്ദേഹം പറഞ്ഞു.