സഭയില്‍ അംഗങ്ങള്‍ നിയന്ത്രണം പാലിക്കണം - രാജ്യസഭാ ഉപാധ്യക്ഷന്‍
Posted on: 14 Mar 2010
ന്യൂഡല്‍ഹി: സഭയില്‍ ആത്മനിയന്ത്രണം പാലിക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ കെ.റഹ്മാന്‍ ഖാന്‍ രാഷ്ട്രീയപാര്‍ട്ടികളോട് അഭ്യര്‍ഥിച്ചു. ബഹളം വെക്കുന്ന എം.പി. മാര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ സഭ ജാഗ്രത പാലിക്കണം. അത്തരക്കാര്‍ക്കെതിരെ അവരുടെ പാര്‍ട്ടിതന്നെ നടപടിയെടുക്കുകയാണ് ഉചിതം അദ്ദേഹം അഭിപ്രായപ്പെട്ടു.
വനിതാബില്‍ ചര്‍ച്ചയ്ക്കിടെ സഭാധ്യക്ഷന്റെ മേശപ്പുറത്തിരുന്ന കടലാസുകള്‍ കീറിയെറിയുകയും മൈക്ക് തട്ടിക്കളയുകയും ചെയ്ത എം.പി.മാരെ നീക്കം ചെയ്യാന്‍ സുരക്ഷാഗാര്‍ഡുകളെ വിളിച്ചത് അപൂര്‍വത്തില്‍ അപൂര്‍വമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. രാജ്യസഭയിലെ തന്റെ 17 വര്‍ഷത്തെ അനുഭവത്തില്‍ ഇത്തരം സംഭവം ആദ്യമാണ്. അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് അവരുടെ പാര്‍ട്ടിക്കെതിരെ നടപടിയെടുക്കുന്നതിനു തുല്യമാണ്. ഇവര്‍ പാര്‍ട്ടി നിര്‍ദേശമനുസരിച്ചാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധം അതിരുകടക്കുമ്പോള്‍ പാര്‍ട്ടി തന്നെ അവര്‍ക്കെതിരെ നടപടിയെടുക്കണം. അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് സഭാധ്യക്ഷന്‍ കഴിവതും ഒഴിവാക്കണം-റഹ്മാന്‍ ഖാന്‍ പറഞ്ഞു. ഭരണഘടന, പാര്‍ലമെന്ററി കാര്യ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.