മീന്‍ വളര്‍ത്താന്‍ പോലീസും

Posted on: 22 Jan 2013
പോലീസ് സ്‌റ്റേഷനില്‍ കേസെടുക്കലും പ്രതികളെ പിടിക്കലും മാത്രമല്ല, മീന്‍ വളര്‍ത്തലും നടക്കും. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് കുളം നിര്‍മ്മിച്ച് പോലീസുകാര്‍ മീന്‍ വളര്‍ത്തി വിളവെടുപ്പ് നടത്തിയത്.

12 അടി നീളത്തിലും എട്ടടി വീതിയിലുമുള്ള കുളത്തില്‍ കരിമീന്‍, തിലോപ്പിയ, കട്ട്‌ള, രോഹു, ഗ്രാസ്​പ് തുടങ്ങിയ മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്. അന്തിക്കാട് നിന്ന് ആറുമാസം മുമ്പാണ് മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചത്. സ്റ്റേഷനിലെ ജയകുമാര്‍, നൈറ്റ് എന്നിവര്‍ക്കായിരുന്നു മീനുകളെ നോക്കാനുള്ള ചുമതല. കടലപ്പിണ്ണാക്ക്, പച്ചക്കറികള്‍ എന്നിവ ഇവയ്ക്ക് ഭക്ഷണമായി നല്‍കി. സര്‍ക്കാര്‍ സഹായമൊന്നും ഈ പദ്ധതിക്ക് ഉണ്ടായിരുന്നില്ല. പോലീസുകാര്‍ പിരിവെടുത്തായിരുന്നു പരിപാലനം. ജോലി കഴിഞ്ഞുള്ള സമയം പലരും ഇതിനായി നീക്കിവെച്ചു.

മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ചാണ് മത്സ്യ വിളവെടുപ്പ് നടത്തിയത്. സിഐ ടി.ആര്‍.സന്തോഷ്‌കുമാര്‍, എസ്.ഐ. ബെന്നി ജേക്കബ്ബ്, രമേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒട്ടേറെ മീന്‍കുഞ്ഞുങ്ങളെയും കുളത്തില്‍ നിന്ന് ലഭിച്ചെങ്കിലും ഇവയെ തിരികെ കുളത്തില്‍ വിട്ടിട്ടുണ്ട്. മീന്‍ വളര്‍ത്തലില്‍ മാത്രമല്ല പച്ചക്കറി കൃഷിയിലും ഈസ്റ്റ് സ്റ്റേഷനിലെ പോലീസുകാര്‍ ഒരുകൈ നോക്കുന്നുണ്ട്.

കോളിഫ്‌ളവര്‍, കാബേജ്, വാഴ, ചീര, തക്കാളി തുടങ്ങിയവയും സ്‌റ്റേഷന്റെ പിന്നില്‍ വളരുന്നുണ്ട്. തരക്കേടില്ലാത്ത വിളവ് ഇതില്‍ നിന്ന് ലഭിക്കുമെന്നാണ് പോലീസുകാരുടെ പ്രതീക്ഷ.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/