ടി.പി. വധം: രാഗേഷിന്റെയും മറ്റും വിചാരണയ്ക്ക് സ്റ്റേ

Posted on: 28 Aug 2014കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിസ്ഥാനത്തുള്ള സി.പി.എം. സംസ്ഥാന സമിതി അംഗം കെ.കെ. രാഗേഷിന്റെയും മറ്റ് 14 പേരുടെയും വിചാരണ ഹൈക്കോടതി തടഞ്ഞു. കോഴിക്കോട്ട് പ്രത്യേക കോടതിയില്‍ ഫിബ്രവരി 11-ന് വിചാരണ തുടങ്ങാനിരിക്കേയാണ് ജസ്റ്റിസ് വി.കെ. മോഹനന്റെ ഈ ഉത്തരവ്. തങ്ങളുടെ പേരിലുള്ള കേസ് റദ്ദാക്കാന്‍ രാഗേഷും മറ്റും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണിത്. ഹര്‍ജികളില്‍ ഹൈക്കോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും.

കാരായി ശ്രീധരന്‍ (53-ാം പ്രതി), ഗോവിന്ദന്‍ (58), രജീഷ് (60), ആനന്ദന്‍ (62), സുധീഷ് (63), പി. പ്രഭാകരന്‍(64), രാഘവന്‍ (65), കൈപ്പത്തേരി രമേഷ് (66), കൈപ്പത്തേരി സുധാകരന്‍ (67), ചമ്പാടന്‍ ജനാര്‍ദ്ദനന്‍ (68), കെ.കെ. രാഗേഷ് (69), അംഗജന്‍ (71), പൊന്നത്ത് കുമാരന്‍ (72), പൊന്നത്ത് രാജന്‍ (73), കെ. യൂസഫ് (74) എന്നിവരുടെ വിചാരണയാണ് കോടതി തടഞ്ഞിട്ടുള്ളത്. തങ്ങളെ വെറുതെ കേസില്‍ കുടുക്കിയിരിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ചുമത്തിയ കുറ്റത്തിന് തെളിവില്ലെന്നും ബോധിപ്പിച്ചു. ഇത് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. സംഭവത്തില്‍ ഗുഢാലോചനക്കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് യാത്ര ചെയ്യാന്‍ ഓട്ടോറിക്ഷക്കാരനെ വിളിച്ചു എന്നാണ് രാഗേഷിന്റെ പേരിലെ കുറ്റം.ടി.പി. വധക്കേസിലെ 59-ാം പ്രതിയായ വി.പി. ഷിജീഷും ഇവരോടൊപ്പം ഹര്‍ജി നല്‍കിയെങ്കിലും വിചാരണ തടയണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. ഷിജീഷിന്റെ പേരിലെ കുറ്റകൃത്യത്തിന്റെ ഗൗരവ സ്വഭാവം പരിഗണിച്ചാണ് ഇത്. ടി.പി. ചന്ദ്രശേഖരനെ ആക്രമിച്ചവരില്‍ ഒരാള്‍ക്ക് അഭയമേകി രക്ഷപ്പെടാന്‍ സൗകര്യം ചെയ്തുനല്‍കിയെന്നാണ് ഈ ഹര്‍ജിക്കാരന്റെ പേരില്‍ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/