നായകന്‍ 16 വേഷങ്ങളില്‍

Posted on: 22 Jan 2013സിനിമാ ചരിത്രത്തില്‍ ആദ്യമായി നായകന്‍ 16 വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിക്കുന്നചിത്രമാണ് ഒരു നേരിന്റെ നൊമ്പരം. ഗ്രേ സോണ്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിന് രചനയും സംവിധാനവും നിര്‍വഹിച്ച തൃശ്ശൂര്‍ കുറ്റൂര്‍ സ്വദേശിയായ പി. ശിവറാം ആണ് ചിത്രം ഒരുക്കിയത്.

സാഹിത്യകാരി സാറാ ജോസഫിന്റെ സഹോദരപുത്രനും പോണ്ടിച്ചേരി തിയ്യറ്റര്‍ ഗ്രൂപ്പ് ആര്‍ട്ടിസ്റ്റുമായ അനൂപ് ഡേവിഡ് ആണ് 16 വേഷങ്ങളില്‍ എത്തുന്നത്.

ദൈനംദിന ജീവിതത്തില്‍ മനുഷ്യരില്‍ കാണുന്ന 16 വ്യത്യസ്ത വേഷങ്ങളാണ് പുതുമുഖ നായകനിലൂടെ പി. ശിവറാം ആവിഷ്‌കരിക്കുന്നത്. ലഹരിയും മാംസദാഹവും വേട്ടയാടുന്ന ജീവിതങ്ങള്‍ക്കിടയില്‍ തെരുവിന്റെ മടിത്തട്ടില്‍ അഭിസാരികയില്‍ ജനിച്ച് വളര്‍ന്ന സീത എന്ന പെണ്‍കുട്ടിയിലൂടെയാണ് കഥ പറയുന്നത്.

സ്ത്രീ കഥാപാത്രത്തിന് മുന്‍തൂക്കം നല്‍കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. വൈഗയാണ് സീതയെന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനുഷ്യ ജീവിതങ്ങളെ സ്​പര്‍ശിക്കുന്ന പ്രമേയത്തിലൂടെ ശക്തമായ സന്ദേശമാണ് ചിത്രം സമൂഹത്തിന് നല്‍കുന്നതെന്ന് സംവിധായകന്‍ പി. ശിവറാം പറഞ്ഞു.

രചന, സംവിധാനം എന്നിവയോടൊപ്പം സംഗീത സംവിധാനം, ഗാനാലാപനം എന്നിവയും പി. ശിവറാം നിര്‍വഹിച്ചിട്ടുണ്ട്. നൂപുരം ക്രിയേഷന്‍സിന്റെ ബാനറില്‍ ആശാമോള്‍ മുരളീധരനാണ് ചിത്രം നിര്‍മ്മിച്ചത്. രണ്ട് ഗാനങ്ങളും നിര്‍മ്മാതാവായ ആശാമോളുടേതായുണ്ട്. കോ-ഡയറക്ടര്‍ ദേവന്‍ കെ. പണിക്കര്‍, ഛായാഗ്രഹണം രവിചന്ദ്രന്‍, മേക്കപ്പ് ലാല്‍ കരമന.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/