സീസണ്‍ ടിക്കറ്റിന് 115 രൂപ വരെ വര്‍ധിക്കും

Posted on: 22 Jan 2013തിരുവനന്തപുരം: പുതിയ തീവണ്ടിയാത്രാനിരക്ക് നിലവില്‍ വന്നപ്പോള്‍ പ്രതിമാസ സെക്കന്‍ഡ് ക്ലാസ് സീസണ്‍ നിരക്കില്‍ 10 മുതല്‍ 115 രൂപ വരെ ഉയരും. അഞ്ചു കിലോമീറ്ററിന് പകരം ഇരുപത്തിയഞ്ച് കിലോമീറ്ററിന്റെ പുതിയ സ്ലാബ് ഏര്‍പ്പെടുത്തിയതാണ് സീസണ്‍ നിരക്ക് കുത്തനെ ഉയര്‍ത്തിയത്. മുമ്പ് അഞ്ചുകിലോമീറ്റര്‍ വീതമുള്ള സ്സാബുകളായിട്ടാണ് സീസണ്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കിയിരുന്നത്. സംസ്ഥാനത്ത് 10-15 കിലോമീറ്ററിനുള്ളില്‍ പ്രധാന സ്റ്റേഷനുകളുള്ളതിനാല്‍ മിക്കവരുടെയും സീസണ്‍ നിരക്ക് കാര്യമായി ഉയര്‍ന്നിട്ടുണ്ട്.

മിനിമം സീസണ്‍ നിരക്ക് നൂറില്‍ നിന്നും 85 രൂപയായി കുറച്ചത് മാത്രമാണ് യാത്രക്കാര്‍ക്ക് റെയില്‍വേ നല്‍കുന്ന ഏക ആശ്വാസം. 20 കിലോമീറ്റര്‍വരെ 85 രൂപ നല്‍കിയാല്‍ മതി. 21 മുതല്‍ 45 കിലോമീറ്റര്‍വരെ 160 രൂപ നല്‍കണം. 25 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യുന്നയാള്‍ ഒരുമാസത്തേക്ക് മുമ്പ് 105 രൂപ നല്‍കിയാല്‍ മതിയായിരുന്നു. പുതിയ നിരക്കില്‍ 55 രൂപ വര്‍ധിക്കും.

ഇതിനിടയ്ക്ക് മറ്റു നിരക്കുകളില്ലാത്തതിനാല്‍ 25 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടയാളും 45 കിലോമീറ്ററിന്റെ തുക നല്‍കണം. 46 മുതല്‍ 70 കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് അടുത്ത സ്ലാബ് പ്രകാരം 235 രൂപ നല്‍കണം. ഏറ്റവും കൂടുതല്‍ സീസണ്‍ യാത്രികര്‍ 50 നും 65 കിലോമീറ്ററിനും ഇടയ്ക്ക് യാത്ര ചെയ്യുന്നവരാണ്. 50 കിലോമീറ്റര്‍ ദുരം സഞ്ചരിക്കാന്‍ മുമ്പ് 165 രൂപ മുടക്കിയിരുന്നിടത്ത് ഇനി 70 രൂപ അധികം നല്‍കണം.

71-100 കിലോമീറ്റര്‍വരെ 310 രൂപയാണ് പുതിയ നിരക്ക്. 85 കിലോമീറ്റര്‍ യാത്ര ചെയ്തിരുന്നയാള്‍ 255 രൂപയാണ് പ്രതിമാസം അടച്ചിരുന്നത്. ഇപ്പോള്‍ 55 രൂപ വര്‍ധനവുണ്ടായിട്ടുണ്ട്. 126 കിലോമീറ്റര്‍ പ്രതിദിനം യാത്ര ചെയ്യുന്നവര്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 460 രൂപ നല്‍കണം. 85 രൂപവരെ ഇതില്‍ കൂടിയിട്ടുണ്ട്. 150 കിലോമീറ്റര്‍ സീസണ്‍ ടിക്കറ്റിന് 345 രൂപയായിരുന്നത് 460 രൂപയായി ഉയര്‍ന്നു. 115 രൂപയാണ് ഇവിടെ കൂടിയത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/