
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ തിങ്കളാഴ്ച നടന്ന കളികളില്‍ പ്രമുഖ താരങ്ങളെല്ലാം ക്വാര്‍ട്ടര്‍ഫൈനലിലേക്ക് മുന്നേറി. പുരുഷവിഭാഗം രണ്ടാം സീഡ് റോജര്‍ ഫെഡറര്‍, മൂന്നാം സീഡ് ആന്‍ഡി മറെ, ഏഴാം സീഡ് ജോ വില്‍ഫ്രഡ് സോംഗ, വനിതാ ടോപ്‌സീഡ് വിക്ടോറിയ അസാരങ്ക, മൂന്നാം സീഡ് സെറീന വില്യംസ്, നാലാം സീഡ് അഗ്‌നീസ്‌ക റഡ്വാന്‍സ്‌ക എന്നിവര്‍ ഏറെ വിയര്‍പ്പൊഴുക്കാതെ നാലാം റൗണ്ട് മത്സരങ്ങളില്‍ വിജയം കണ്ടു. പുരുഷ വിഭാഗത്തില്‍ ഫ്രഞ്ചുകാരന്‍ ജറമി ചാര്‍ഡിയും വനിതകളില്‍ സ്വെറ്റ്‌ലാന കുസ്‌നട്‌സോവ, അമേരിക്കന്‍ കൗമാരതാരം സ്ലൊവാനി സ്റ്റീഫന്‍സ് എന്നിവരും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതിയും ഡാനിയല്‍ നെസ്റ്ററുമടങ്ങുന്ന സഖ്യം എസ്. ബോളെല്ലി-എഫ്. ഫൊഗ്‌നീനി ജോഡിയോട് മൂന്നാം റണ്ടില്‍ തോറ്റ് പുറത്തായി (3-6, 6-4, 3-6).
സ്വിസ് ഇതിഹാസം ഫെഡറര്‍ നേരിട്ടുള്ള സെറ്റുകളില്‍ വമ്പന്‍ സെര്‍വുകള്‍ക്കുടമയായ കനേഡിയന്‍ താരം മിലോസ് റാവോണിച്ചിനെ തകര്‍ത്തു (6-4, 7-6, 6-2). ബ്രിട്ടന്‍കാരനായ മറെയ്ക്ക് ഫ്രഞ്ച്താരം ജൈല്‍സ് സൈമണില്‍ നിന്ന് വെല്ലുവിളിയേ ഉണ്ടായില്ല (6-3, 6-1, 6-3). ഫ്രഞ്ചുകാരന്‍ സോംഗ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് നാട്ടുകാരനും ഒമ്പതാം സീഡുമായ റിച്ചാര്‍ഡ് ഗാസെ്കയെയാണ് നാലാം റൗണ്ടില്‍ കീഴടക്കിയത് (6-4, 3-6, 6-3, 6-2). സീഡില്ലാതാരം ചാര്‍ഡിയാണ് വമ്പന്മാരോടൊപ്പം ക്വാര്‍ട്ടറില്‍ കടന്നവരില്‍ ഏറ്റവും ശ്രദ്ധേയന്‍. 21-ാം സീഡ് ഇറ്റലിയുടെ ആന്‍ഡ്രിയാസ് സെപ്പിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകളിലാണ് ചാര്‍ഡി പരാജയപ്പെടുത്തിയത്. സ്‌കോര്‍: 5-7, 6-3, 6-2, 6-2.
വനിതകളില്‍ ടോപ്‌സീഡ് അസാരങ്കയും മൂന്നാം സീഡ് സെറീനയും നാലാം സീഡ് റഡ്വാന്‍സ്‌കയും ഒരു സെറ്റുപോലും വഴങ്ങാതെയാണ് മുന്നേറിയത്. ബെലാറസുകാരിയായ അസാരങ്ക റഷ്യന്‍താരം എലേന വെസ്‌നീനയെയും(6-1, 6-1) സെറീന റഷ്യയുടെ 14-ാം സീഡുകാരി മരിയ കിറിലെങ്കോവിനെയും(6-2, 6-0), പോളണ്ടുകാരിയായ റഡ്വാന്‍സ്‌ക 13-ാം സീഡ് സെര്‍ബിയയുടെ അനാ ഇവാനോവിച്ചിനെയുമാണ് (6-2, 6-4) പരാജയപ്പെടുത്തിയത്. സീഡില്ലാതാരം സെര്‍ബിയയുടെ ജൊവാനോവ്‌സ്‌കിയെ തോല്പിച്ച(1-6, 6-3, 7-5) 29-ാംസീഡായ സ്റ്റീഫന്‍സിന് നാട്ടുകാരി സെറീന വില്യംസാണ് ക്വാര്‍ട്ടറിലെ എതിരാളി. പരിക്ക് കാരണം ഒന്നരവര്‍ഷത്തോളം കളംവിട്ടു നിന്ന മുന്‍ലോക രണ്ടാം നമ്പര്‍ താരവും രണ്ട് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ക്കുടമയുമായ റഷ്യക്കാരി കുസ്‌നട്‌സോവ മുന്‍ലോക ഒന്നാം നമ്പറും പത്താം സീഡുമായ ഡെന്മാര്‍ക്കിന്റെ കരോളിന്‍ വോസ്‌നിയാക്കിയെയാണ് പ്രീക്വാര്‍ട്ടറില്‍ തോല്പിച്ചത് (6-2, 2-6, 7-5).