എസ്.എല്‍. നാരായണന്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍

Posted on: 22 Jan 2013


എന്‍. അബൂബക്കര്‍ചെന്നൈ: ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കേരള ചെസ്താരം എന്ന ബഹുമതി തിരുവനന്തപുരത്ത് നിന്നുള്ള 14-കാരന്‍ എസ്.എല്‍. നാരായണന് സ്വന്തം. ചെന്നൈ സൂപ്പര്‍കിങ്‌സ് അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റില്‍ രണ്ട് റൗണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഏഴ്‌പോയന്റ് കരസ്ഥമാക്കിയാണ് നാരായണന്‍ ഈ നേട്ടം കൈവരിച്ചത്. ഒമ്പതാം റൗണ്ടില്‍ ചൈനീസ് ഗ്രാന്‍ഡ്മാസ്റ്റര്‍ ലൂ ഷാങ്‌ലീയെ സമനിലയില്‍ പിടിച്ചതോടെയാണ് മൂന്നാം ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ നോമും പദവിയും നാരായണന് സ്വന്തമായത്.

കേരളത്തില്‍ നിന്നുള്ള മൂന്നാം ഇന്റര്‍നാഷണല്‍ മാസ്റ്ററാണ് നാരായണന്‍. ഗ്രാന്‍ഡ്മാസ്റ്റര്‍ ജി.എന്‍. ഗോപാല്‍, കെ. രത്‌നാകരന്‍ എന്നിവരാണ് ഐ.എം. പദവി മുമ്പ് കരസ്ഥമാക്കിയ താരങ്ങള്‍. ജി.എന്‍. ഗോപാല്‍ 2007-ലാണ് ആദ്യമായി ഈ പദവിയിലെത്തുന്നത്. അദ്ദേഹത്തിന്റെ 17-ാം വയസ്സിലായിരുന്നു ഇത്. 2008-ല്‍ ഗ്രാന്‍ഡ്മാസ്റ്ററുമായി. രത്‌നാകരന്‍ 2007-ല്‍ ഇന്റര്‍നാഷണല്‍ മാസ്റ്ററായി. ഇത് ഇരുപത് വയസ്സിന് ശേഷമായിരുന്നു.

ഒമ്പത് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ നാരായണന്‍ മറ്റ് പത്തുപേര്‍ക്കൊപ്പം ഏഴ് പോയന്റാടെ രണ്ടാം സ്ഥാനം പങ്കിടുകയാണ്. ഏഴര പോയന്റുള്ള ജര്‍മന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഹെന്റിക് ടെസെ്കയാണ് ഒന്നാമത്. 11 റൗണ്ടുകളുള്ള ടൂര്‍ണമെന്റില്‍ ഏഴുപോയന്റ് നേടിയാല്‍ നാരായണന് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിക്കുവേണ്ട മൂന്നാം നോം കിട്ടുമായിരുന്നു. എന്നാല്‍ രണ്ട് റൗണ്ട് ബാക്കിനിലേ്ക്ക തന്നെ പട്ടം സെന്റ് മേരീസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഈ നേട്ടം കൈവരിച്ചു. നാരായണന്റെ മൂന്ന് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ നോമുകളും ചെന്നൈയില്‍ നടന്ന ടൂര്‍ണമെന്റുകളില്‍ നിന്നാണ് ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. 2011 ല്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലായിരുന്നു ആദ്യ നോം. കഴിഞ്ഞ ഡിസംബറില്‍ നടന്ന കോമണ്‍വെല്‍ത്ത് ചെസ്സില്‍ ഏഴാം സ്ഥാനവും 16 വയസ്സില്‍ താഴെ വിഭാഗത്തില്‍ സ്വര്‍ണവും നേടി രണ്ടാം നോം നേടി. 2400 ല്‍ കുറയാത്ത എലോ റേറ്റിങ് പോയന്റും മൂന്ന് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ നോമും ലഭിക്കുന്നവര്‍ക്കാണ് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി ലഭിക്കുക.

തിരുവനന്തപുരം മണ്ണന്തല സൗപര്‍ണികയില്‍ സുനില്‍ ദത്തിന്റെയും ലൈലയുടെയും മകനാണ് നാരായണന്‍. ദിവസവും നാല് മണിക്കൂര്‍ പരിശീലനത്തിന് നീക്കിവെക്കുന്ന നാരായണന്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ വര്‍ഗീസ് കോശിയുടെ കീഴിലാണ് ഇപ്പോള്‍ പരിശീലിക്കുന്നത്. രണ്ട് മാസത്തിലൊരിക്കല്‍ അഞ്ച് മുതല്‍ 10 വരെ ദിവസം കോശിക്ക് കീഴില്‍ പരിശീലിക്കും. പിന്നീട് വീട്ടില്‍ ദിവസവും നാല് മണിക്കൂറോളം പ്രാക്ടീസ്. ഇന്റര്‍നാഷണല്‍ മാസ്റ്ററുടെ കീഴില്‍ പരിശീലിക്കാന്‍ ദിവസം അയ്യായിരത്തോളം രൂപ വേണം. ഗ്രാന്‍ഡ്മാസ്റ്റര്‍ക്ക് കീഴിലാണ് പരിശീലനമെങ്കില്‍ തുക ഇരട്ടിക്കും. സ്‌പോണ്‍സര്‍മാരില്ലാത്തതിനാല്‍ കടുത്ത സാമ്പത്തിക പരാധീനതകള്‍ക്ക് നടുവിലാണ് നാരായണന്‍ ഈ നേട്ടങ്ങള്‍ കൊയ്തുകൂട്ടുന്നത്. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി ലക്ഷ്യമിടുന്ന ഈ അതുല്യ പ്രതിഭയ്ക്ക് ഇനി വേണ്ടത് നല്ലൊരു സ്‌പോണ്‍സറെയാണ്.

ഇപ്പോള്‍ വര്‍ഷം 10 ലക്ഷം രൂപയെങ്കിലും ചെലവാകുന്നുണ്ട്. സ്വദേശിയായ ഗ്രാന്‍ഡ്മാസ്റ്ററുടെ ശിക്ഷണത്തിന് ദിവസം 10,000 രൂപയുടെ ചെലവുണ്ട്. വിദേശിയായ ഗ്രാന്‍ഡ്മാസ്റ്ററുടെ സേവനം ലഭ്യമാവാന്‍ ദിവസം 20,000 രൂപ ചെലവുവരും. കൂടാതെ പരിശീലകന്റെ യാത്ര, ഭക്ഷണ, താമസ ചെലവുകളും വഹിക്കണം. മകന്റെ ചെസ് മോഹത്തിനുവേണ്ടി പി.ഡബ്ലിയു.ഡി. കോണ്‍ട്രാക്ടര്‍ പണി ഉപേക്ഷിച്ച സുനില്‍ ദത്തിന് ഭാര്യ എല്‍.ഐ.സി. ജീവനക്കാരി ലൈലയുടെ ശമ്പളമാണ് മുഖ്യ വരുമാനമാര്‍ഗം.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/