Posted on: 22 Jan 2013വയലിന്‍ ചക്രവര്‍ത്തി

വയലിന്‍ ചക്രവര്‍ത്തി എം.എസ്. ഗോപാലകൃഷ്ണന്റെ വിയോഗം മാതൃഭൂമി ഒന്നാംപേജില്‍ത്തന്നെ റിപ്പോര്‍ട്ട് ചെയ്തത് ഉചിതമായി. എന്നാല്‍, വയലിനിസ്റ്റ് എം.എസ്. ഗോപാലകൃഷ്ണന്‍ എന്നെഴുതിയത് ഒട്ടും ശരിയായില്ല. ഒരു സാധാരണ ഗാനമേളയില്‍ വയലിന്‍ വായിക്കുന്നയാളും വയലിനിസ്റ്റുതന്നെ. എം.എസ്.ജി. ഒരുപക്ഷേ, ഇന്ത്യ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും പ്രഗല്ഭനായ വയലിന്‍ വിദ്വാനായിരുന്നു.
കര്‍ണാടിക് ശൈലിയിലും ഹിന്ദുസ്ഥാനി ശൈലിയിലും നിപുണനായ അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനയാണ് ഭാരതീയ സംഗീതത്തിന് നല്‍കിയിട്ടുള്ളത്. ഏഴു പതിറ്റാണ്ടിലേറെ ദൈര്‍ഘ്യമുണ്ട് അദ്ദേഹത്തിന്റെ സംഗീതസപര്യക്ക്. വയലിന്‍ ചക്രവര്‍ത്തി എം.എസ്. ഗോപാലകൃഷ്ണന്‍ എന്നോ, ചുരുങ്ങിയപക്ഷം വയലിന്‍ വിദ്വാന്‍ എം.എസ്. ഗോപാലകൃഷ്ണന്‍ എന്നോ എഴുതേണ്ടതായിരുന്നു.
-ജയദേവന്‍,
തൃശ്ശൂര്‍


മന്ത്രിമാരുടെ പെന്‍ഷനും കോണ്‍ട്രിബ്യൂട്ടറിയാക്കണം

കേരളത്തിലെ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ കോണ്‍ട്രിബ്യൂട്ടറിയാക്കുന്നതിന് മുമ്പുതന്നെ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും അവരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെയും പെന്‍ഷന്‍ കോണ്‍ട്രിബ്യൂട്ടറിയാക്കി മാതൃക കാട്ടണമായിരുന്നു. അതിനുശേഷം ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ കോണ്‍ട്രിബ്യൂട്ടറിയാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍, ജനജീവിതത്തെ ദുസ്സഹമാക്കി മാറ്റിയ ഈ സമരമുണ്ടാകുമായിരുന്നില്ല.

കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിനുമുമ്പ് അമിത പെന്‍ഷനും അമിത ശമ്പളവും നിയന്ത്രിക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. അമ്പതിനായിരം രൂപ മുതല്‍ ലക്ഷം രൂപയ്ക്ക് പുറത്തുവരെ ശമ്പളം വാങ്ങുന്ന ധാരാളം ഉദ്യോഗസ്ഥരുണ്ട്. അതുപോലെതന്നെ എത്രപ്രാവശ്യം എം.എല്‍.എ. പദവിയിലിരുന്നോ അത്രയും പ്രാവശ്യത്തേക്കും പെന്‍ഷന്‍ കൊടുക്കുന്ന സമ്പ്രദായവും ഇവിടെ നിലവിലിരിക്കുന്നു. എത്രപ്രാവശ്യം എം.എല്‍.എ. ആയിരുന്നാലും ഒരു പെന്‍ഷന്‍ എന്ന സമ്പ്രദായം കൊണ്ടുവരേണ്ടതാണ്.
-എ.വിജയന്‍,
പോങ്ങോട്.

ടി. പി. ശാസ്തമംഗലവും ഇരയിമ്മന്‍തമ്പി സ്മാരകട്രസ്റ്റും അറിയാന്‍

ബോംബെ ജയശ്രീ എഴുതി പാടിയ 'ലൈഫ് ഓഫ് പൈ' യിലെ പാട്ടിന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു. അതുകൊണ്ടാണല്ലോ ഈ വിവാദങ്ങള്‍.

ഓസ്‌കറിന് നോമിനേഷന്‍ ലഭിച്ച ഏക ഇന്ത്യക്കാരിയാണല്ലോ ജയശ്രീ, അതില്‍ നാം അഭിമാനിക്കണ്ടേ? ഇരയിമ്മന്‍ തമ്പി സ്മാരക ട്രസ്റ്റിന് എന്തുകൊണ്ട് ഓമനത്തിങ്കള്‍ കിടാവോ എന്ന താരാട്ട് പാട്ട് ഇത്രയും കാലമായിട്ടും ലോകശ്രദ്ധയില്‍പ്പെടുത്താന്‍ കഴിഞ്ഞില്ല?

മുന്‍കാലങ്ങളില്‍ മലയാള സിനിമാഗാനങ്ങളുടെ സംഗീതവും ചിലവരികളും വരെ ഹിന്ദി-തമിഴ് ഗാനങ്ങളുടെ തനിപകര്‍പ്പായിരുന്നില്ലേ, അനുകരണമായിരുന്നില്ലേ? അവാര്‍ഡ് കിട്ടാത്തതുകൊണ്ട് ആര്‍ക്കും പരാതിയുമില്ലായിരുന്നു.

ഇവിടെ എത്രയോ നോവലുകളും സിനിമകളും രാമായണത്തില്‍ നിന്നും മഹാഭാരതത്തില്‍ നിന്നും സ്വന്തം സൃഷ്ടിയെന്നോണം പകര്‍ത്തിയിട്ടുണ്ട്. വാല്മീകി എഴുതിയത് ശരിയല്ല-സീത രാവണന്റെ മകളാണ്. മകളുടെ കഷ്ടപ്പാട് കാണാന്‍ കഴിയാതെ രാവണന്‍ കൂട്ടിക്കൊണ്ടുപോയതാണത്രെ എന്നൊക്കെ എഴുതിപ്പിടിപ്പിച്ചവരുണ്ട്. വാത്മീകിയും വ്യാസനുമൊക്കെ ഔട്ട്. വാല്മീകിക്കും വ്യാസനുമൊന്നും സ്മാരകട്രസ്റ്റുകള്‍ ഇല്ലാതെ പോയതുകൊണ്ട് പ്രതിഷേധവുമില്ല, ഒന്നിനും ഒരു കടപ്പാടുപോലും എഴുത്തുകാര്‍ നല്‍കിയില്ല. സ്വന്തം സൃഷ്ടിയല്ലേ, പിന്നെന്തിന് കടപ്പാട്?ഒരേപോലെത്തെ ആശയങ്ങളും അഭിപ്രായങ്ങളും മറ്റൊരാളില്‍ കണ്ടെന്നുവരാം. അതുകൊണ്ടാണല്ലോ ആരുടെയും പ്രേരണ കൂടാതെ അത്തരക്കാര്‍ ഒരുമിക്കുന്നത്.

പച്ചയായ സാഹിത്യമോഷണങ്ങള്‍ പലതും ഇവിടെ നടക്കുന്നുണ്ട്. ആര്‍ക്കും പരാതിയില്ല. അവാര്‍ഡ് കിട്ടട്ടെ, അപ്പോള്‍ നോക്കാം. അല്ലാതെന്തുപറയാന്‍?
-ബിജു,
നെട്ടയം
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/